സൗദിയിൽ ബസ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും ഗവർണറേറ്റുകളിലും പൊതുഗതാഗത ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മൂന്നുമാസത്തിനിടെ രാജ്യത്തുടനീളം ബസ് സർവിസ് ഉപയോഗപ്പെടുത്തിയത് 2.634 കോടിയിലധികം ആളുകളാണ്.

മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 23.2 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. യാത്രക്കാരുടെ എണ്ണത്തിൽ തലസ്ഥാന നഗരമായ റിയാദാണ് മുന്നിൽ. റിയാദിൽ 2.7 കോടി ആളുകൾ ബസ് യാത്ര ചെയ്തു. 29.7 ലക്ഷം യാത്രക്കാരുമായി മക്ക രണ്ടാമതും, 11.9 ലക്ഷം യാത്രക്കാരുമായി ജിദ്ദ മൂന്നാമതുമാണ്.

കിഴക്കൻ പ്രവിശ്യയിലെ ദമ്മാം നഗരസഭയിലും ഖത്തീഫ് ഗവർണറേറ്റിലുമായി 8,35,000 യാത്രക്കാരെ രേഖപ്പെടുത്തി. മദീനയിൽ 4,90,000 പേരും ഖസീമിൽ 2,73,000 പേരും ബസ് ഗതാഗത സൗകര്യം ഉപയോഗപ്പെടുത്തി. ത്വാഇഫിൽ 1,94,000 പേരും അൽ അഹ്സയിൽ 1,35,000 പേരും ജിസാനിൽ 1,20,000 പേരും തബൂക്കിൽ 56,000 പേരും ബസ് സർവിസുകൾ പ്രയോജനപ്പെടുത്തി.

ഉയർന്ന പ്രവർത്തന നിലവാരവും ആധുനിക സാങ്കേതിക സജ്ജീകരണങ്ങളുമുള്ള ബസുകൾ നിരത്തിലിറക്കിയതാണ് നഗരങ്ങൾക്കുള്ളിൽ ബസ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ പ്രധാന കാരണമെന്ന് അതോറിറ്റി വ്യക്തമാക്കി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ബസ് സർവിസുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും, കൂടുതൽ ജനവാസ മേഖലകളിലേക്കും പ്രധാന കേന്ദ്രങ്ങളിലേക്കും റൂട്ടുകൾ വ്യാപിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ നേട്ടമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

Tags:    
News Summary - Saudi Arabia Sees Bus Ridership Surge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.