സൗദി കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് ഗ്ലോബൽ സിറ്റിയുടെ രണ്ടാം സീസൺ പദ്ധതിരേഖ അവലോകനം ചെയ്യുന്നു
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ കാഴ്ചയുടെ വിസ്മയമൊരുക്കുന്ന ദമ്മാം ഗ്ലോബൽ സിറ്റിയുടെ രണ്ടാം സീസൺ ഒക്ടോബർ 15ന് ആരംഭിക്കും. പദ്ധതിയുടെ രണ്ടാം ഘട്ട രൂപരേഖ കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് അവലോകനം ചെയ്തു. ഗ്ലോബൽ സിറ്റി സി.ഇ.ഒ ടോണിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവർണർ പുതിയ വിവരങ്ങൾ വിലയിരുത്തിയത്. അത്യാധുനിക സംവിധാനങ്ങളും സേവനങ്ങളും ഉൾക്കൊള്ളുന്ന ഗ്ലോബൽ സിറ്റി, മേഖലയിലെ വിനോദസഞ്ചാര-നിക്ഷേപ സാധ്യതകളെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഗവർണർ വ്യക്തമാക്കി. സൗദി അറേബ്യയ്ക്കകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് കിഴക്കൻ പ്രവിശ്യയെ കൂടുതൽ ആകർഷകമാക്കാൻ പദ്ധതിക്ക് സാധിക്കും.
കൂടുതൽ ആകർഷകമായ പുത്തൻ കാഴ്ചകളും അനുഭവങ്ങളുമായാണ് രണ്ടാം ഘട്ടം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യ സീസണിൽ വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ വലിയ ജനപ്രവാഹമാണ് ദമ്മാമിലേക്ക് ഒഴുകിയെത്തിയത്. ഇത്തവണ പ്രായഭേദമന്യേ ഏവർക്കുമായി പ്രത്യേക വിനോദ മേഖലകൾ, ഡൈനോസർ സിറ്റി, നിർമിത ബുദ്ധി, റോബോട്ടിക്സ്, സംവേദന സാങ്കേതികവിദ്യകൾ എന്നിവ സമന്വയിപ്പിച്ച ഫ്യൂച്ചർ ഡിസ്ട്രിക്റ്റ്, ഏഷ്യൻ വില്ലേജ്, കബായൻ നൈറ്റ് മാർക്കറ്റ് എന്നിവ പുതുതായി സജ്ജീകരിക്കും. കൂടാതെ, ഇൻട്രാക്ടീവ് ഫൗണ്ടനും ഈ ഘട്ടത്തിന്റെ പ്രധാന ആകർഷണമായിരിക്കും. ലോക കാഴ്ചകളെയും വ്യത്യസ്ത സംസ്കാരങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്താൻ ലക്ഷ്യമിട്ടാണ് ഗ്ലോബൽ സിറ്റി ആരംഭിച്ചതെന്നും പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ജനങ്ങളിൽനിന്ന് ലഭിച്ചതെന്നും സി.ഇ.ഒ ടോണി പറഞ്ഞു. കാലാവസ്ഥ മാറി മിതോഷ്ണ മേഖലയിലേക്ക് കടക്കുന്നതോടെ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സീസണിൽ വാരാന്ത്യങ്ങളിൽ പ്രതിദിനം 40,000-ത്തിലധികം ആളുകൾ കേന്ദ്രം സന്ദർശിച്ചിരുന്നു.
സന്ദർശകരിൽ 30 ശതമാനത്തോളം പേരും സൗദിക്ക് പുറമെയുള്ള കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ദുബൈ ഗ്ലോബൽ വില്ലേജിലെ 25 വർഷത്തിലധികമുള്ള അനുഭവസമ്പത്തുമായാണ് ‘വേഗ ഇന്റർനാഷനൽ’ എന്ന കമ്പനി സൗദിയിൽ ഗ്ലോബൽ സിറ്റിക്ക് തുടക്കമിട്ടത്. കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ്, ജുബൈൽ മേയർ ഡോ. അഹമ്മദ് സെയ്ദ് ഹുസൈൻ എന്നിവരുടെ പ്രത്യേക ഇടപെടലിലൂടെ അതിവേഗമാണ് പദ്ധതിക്കുള്ള അനുമതി ലഭ്യമായത്. 25 വർഷത്തെ ലീസ് കരാറിലാണ് കമ്പനി ഗ്ലോബൽ സിറ്റി പദ്ധതി ഇവിടെ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.