ഉമ്മുൽ ഖുറ സർവകലാശാല ഹജ്ജ്-ഉംറ ശാസ്ത്രീയ സമ്മേളനം

ഉമ്മുൽ ഖുറ സർവകലാശാല ഹജ്ജ്-ഉംറ ശാസ്ത്രീയ സമ്മേളനം സമാപിച്ചു

മക്ക: ഹജ്ജ്, ഉംറ, സന്ദർശന ഗവേഷണങ്ങൾക്കായുള്ള 26-ാമത് ശാസ്ത്രീയ സമ്മേളനം ശ്രദ്ധേയമായി. ഉമ്മുൽ ഖുറ സർവകലാശാലയുടെ കീഴിലുള്ള ഖാദിമുൽ ഹറമൈൻ ഹജ്ജ്, ഉംറ ഗവേഷണ സ്ഥാപനമാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്. ‘ഹജ്ജ്, ഉംറ സേവന സംവിധാനങ്ങളിലെ മികവും സംയോജനവും’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ മക്ക ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽബുമൈദ് സന്നിഹിതനായിരുന്നു. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഹജ്ജ്, ഉംറ സംവിധാനങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുന്ന ഒരു ഗവേഷണ വേദിയെന്ന സർവകലാശാലയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതാണ് ഈ സമ്മേളനം.

സമ്മേളനത്തി​െൻറ ഭാഗമായി വിപുലമായ പരിപാടികളാണ് അരങ്ങേറിയത്. അഞ്ച് സെഷനുകളും, 40-ലധികം തൊഴിൽ-മാർഗ്ഗനിർദ്ദേശ ശിൽശാലകളും, അഞ്ച് ഗവേഷണ വർക്ക്‌ഷോപ്പുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ, 50 പ്രബന്ധങ്ങളും 30 നവീകരണ പദ്ധതികളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു. വിവിധ മേഖലകളിൽ നിന്നുള്ള 80-ലധികം സ്ഥാപനങ്ങളും 25 പ്രഭാഷകരും പരിപാടിയിൽ സജീവമായി പങ്കെടുത്തു. തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായുള്ള സാങ്കേതികവും വൈജ്ഞാനികവുമായ പരിഹാരങ്ങൾ അടങ്ങിയ നവീകരണ പദ്ധതികളുടെയും ശാസ്ത്രീയ ഗവേഷണങ്ങളുടെയും പ്രദർശനങ്ങൾ പങ്കെടുത്തവർ സന്ദർശിച്ചു. സുസ്ഥിരമായ നവീകരണ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ‘ഹജ്ജാത്തോൺ 4’ ലെ വിജയികളായ ടീമുകളെയും സ്പോൺസർമാരെയും ആദരിച്ചുകൊണ്ടാണ് പരിപാടിക്ക് സമാപനം കുറിച്ചത്.

ആൾക്കൂട്ട മാനേജ്‌മെൻറ്​, സുരക്ഷാ ശാസ്ത്രങ്ങൾ എന്നിവയിലെ ഉമ്മുൽ ഖുറ സർവകലാശാലയുടെ പാരമ്പര്യത്തിന്റെ തുടർച്ചയാണ് സമ്മേളനം. ഹജ്ജ്, ഉംറ സംവിധാനങ്ങളിലെ സ്ഥാപനപരമായ സംയോജനം ശക്തിപ്പെടുത്തുന്നതിനും, വിഷൻ 2030ന് അനുസൃതമായി തീർത്ഥാടകർക്ക് സുരക്ഷിതവും ലളിതവുമായ അനുഭവം ഉറപ്പാക്കുന്നതിനും ശാസ്ത്രീയ ഗവേഷണങ്ങളും നവീകരണങ്ങളും പ്രയോജനപ്പെടുത്തുക എന്നതാണ് സമ്മേളനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

Tags:    
News Summary - Umm al Qura University Hajj Umrah Scientific Conference concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.