റിയാദിൽ ബഹുരാഷ്ട്ര പ്രതിരോധ നാവിക സഖ്യം പ്രവർത്തനം ആരംഭിച്ചു
റിയാദ്: ബഹുരാഷ്ട്ര പ്രതിരോധ നാവിക സഖ്യം റിയാദിലെ ആസ്ഥാനത്ത് നിന്ന് ഔദ്യോഗികമായി പ്രവർത്തനങ്ങൾ ആരംഭിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താനിൽ നിന്നുള്ള കമാൻഡർ റാഷിദ് ഷെയ്ഖ് സഖ്യത്തിന്റെ ഡെപ്യൂട്ടി കമാൻഡറായി ചുമതലയേറ്റ് കൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
സഖ്യത്തിലെ അംഗരാജ്യങ്ങളിൽ നിന്നും ഇതിൽ ചേരാനുള്ള നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ നിന്നുമുള്ള ബന്ധപ്പെട്ട ഓഫീസർമാർ ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. അതോടൊപ്പം, ഓരോ രാജ്യത്തിനും നിശ്ചയിച്ചിട്ടുള്ള എണ്ണത്തിനനുസരിച്ച് ലെയ്സൺ ഓഫീസർമാർ ഘട്ടംഘട്ടമായി തങ്ങളുടെ ചുമതലകൾ ഏറ്റെടുത്തു വരികയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അടുത്തിടെ മക്കയിൽ വെച്ചാണ് സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഈ ബഹുരാഷ്ട്ര പ്രതിരോധ നാവിക സഖ്യത്തിന് രൂപം നൽകിയത്. റിയാദ് ഇതിന്റെ സ്ഥിരമായ ആസ്ഥാനമായി പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്യും. ആഗോള സമുദ്ര സുരക്ഷ നേരിടുന്ന വർധിച്ചുവരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുക, നാവിക സ്വാതന്ത്ര്യവും അന്താരാഷ്ട്ര വ്യാപാര പാതകളും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്ഥാപക രാജ്യങ്ങൾ കൂട്ടായ സമുദ്ര പ്രതിരോധ സഹകരണം ശക്തമാക്കിയത്.
ബാബ് എൽ-മന്ദബ് കടലിടുക്ക്, ചെങ്കടൽ, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിലെ ആഗോള ഊർജ്ജ വിതരണ മാർഗ്ഗങ്ങൾ സുരക്ഷിതമാക്കുക, നാവിക സ്വാതന്ത്ര്യം ഉറപ്പാക്കുക, സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ കരാറുകളുടെയും അന്താരാഷ്ട്ര മര്യാദകളുടെയും വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും ഈ സഖ്യം പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.