സൗദി പരിസ്ഥിതി, ജല, കാർഷിക മന്ത്രി അബ്ദുറഹ്മാൻ അൽ ഫദ്ലി പാകിസ്താനിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനൊപ്പം യോഗത്തിൽ 

കാർഷിക, ഭക്ഷ്യസുരക്ഷാ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൗദി- പാക് ധാരണ

റിയാദ്/ഇസ്‍ലാമാബാദ്: സൗദി അറേബ്യയും പാകിസ്താനും തമ്മിൽ നിലവിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ പശ്ചാത്തലത്തിൽ, കാർഷിക-ഭക്ഷ്യസുരക്ഷാ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ധാരണയായി. പൊതുതാൽപ്പര്യങ്ങൾ മുൻനിർത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനും തീരുമാനിച്ചു.

സൗദി പരിസ്ഥിതി, ജല, കാർഷിക മന്ത്രി അബ്ദുറഹ്മാൻ അൽ ഫദ്ലിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിന്റെ പാകിസ്താൻ സന്ദർശന വേളയിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. കാർഷിക-ഭക്ഷ്യസുരക്ഷാ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ, ജലസേചന-ജലവിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വളർച്ച ത്വരിതപ്പെടുത്തൽ എന്നിവയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

സന്ദർശനത്തിന്റെ ഭാഗമായി അബ്ദുറഹ്മാൻ അൽ ഫദ്ലി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ചും സാമ്പത്തിക പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനായി വാഗ്ദാനമുള്ള നിക്ഷേപ മേഖലകൾ കണ്ടെത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള കാർഷിക-ഭക്ഷ്യ മേഖലകളിലെ തന്ത്രപ്രധാനമായ പ്ലാൻ അവലോകനം ചെയ്യുന്ന യോഗത്തിലും സൗദി മന്ത്രി പങ്കെടുത്തു. പാകിസ്താൻ ദേശീയ ഭക്ഷ്യസുരക്ഷാ-ഗവേഷണ മന്ത്രി, വാണിജ്യ മന്ത്രി, വിവിധ പ്രവിശ്യ ഭരണകൂടങ്ങളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. തുടർന്ന് നടന്ന സൗദി-പാകിസ്താൻ അഗ്രികൾച്ചർ ബിസിനസ് യോഗത്തിൽ ഇരുരാജ്യങ്ങളിലെയും ധനകാര്യ, വാണിജ്യ മന്ത്രിമാരും സ്വകാര്യ മേഖലയിലെ പ്രമുഖ പ്രതിനിധികളും പങ്കെടുത്ത് കാർഷിക-ഭക്ഷ്യ മേഖലകളിലെ നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തു.

Tags:    
News Summary - Saudi Arabia, Pakistan Strengthen Agri & Food Security Cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.