യാംബു അക്നെസ് നവോദയ സൂപ്പർകപ്പ് 2026 ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ പെപ്പർ പാലസ് യാംബു ടീം ട്രോഫിയുമായി
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ സ്പോർട്‌സ് കമ്മിറ്റി ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘അക്നെസ് നവോദയ സൂപ്പർകപ്പ് 2026’ ക്രിക്കറ്റ് ടൂർണമെന്റിൽ പെപ്പർ പാലസ് യാംബു ജേതാക്കളായി. അക്നെസ് ബ്രിഡ്ജ് ട്രേഡ് കമ്പനി വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ദ്വിദിന ക്രിക്കറ്റ് മത്‌സരത്തിൽ ക്രിക്ക് റാബിഖിനെ 10 റൺസിന് പരാജയപ്പെടുത്തിയാണ് പെപ്പർ പാലസ് വിജയിച്ചത്.
യാംബു, റാബിഖ്, ഉംലുജ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പ്രമുഖരായ 10 ടീമുകൾ മാറ്റുരച്ച ആവേശ മത്സരങ്ങൾ യാംബു റോയൽ കമീഷനിലെ ‘യാക്ക’ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടന്നത്. ടൂർണമെന്റിലെ മികച്ച കളിക്കാരനും മികച്ച ബൗളറിനുമുള്ള പുരസ്ക്കാരം അദ്നാൻ ഇജാസും മികച്ച ബാറ്റ്‌സ് മാനുള്ള പുരസ്‌ക്കാരം ദാവൂദും (ഇരുവരും പെപ്പർ പാലസ് യാംബു ടീം) കരസ്ഥമാക്കി.
യാംബു ഏരിയ രക്ഷധികാരി അജോ ജോർജ് ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു. മത്സരത്തിന്റെ സ്പോൺസർമാരായ അക്നെസ് ബ്രിഡ്ജ് ട്രേഡ്‌കമ്പനി, സ്പാനിഷ് ഹോം, ജി മാർട്ട്, റീം അൽ ഔല ട്രേഡിങ് കമ്പനി, മുനീറാ ട്രാവൽസ്, പെപ്പർ പാലസ് റെസ്റ്റോറന്റ് എന്നിവരുടെ പ്രതിനിധികൾ, യാംബുവിലെ വിവിധ രാഷ്ട്രീയ - കായിക സംഘടനാ നേതാക്കൾ, മറ്റു ബിസിനസ് പ്രമുഖർ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഏരിയ രക്ഷാധികാരി അജോ ജോർജ് വിന്നേഴ്സ് ട്രോഫിയും ടൂർണമെന്റ് കൺവീനർ ബിജു വെളിയാംമ്മറ്റം റണ്ണേഴ്സ് ട്രോഫിയും വിതരണം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ ബിഹാസ് കരുവാരകുണ്ട്, രാജീവ് തിരുവല്ല, എ.പി സാക്കിർ, ശ്രീകാന്ത് നീലകണ്ഠൻ, ഷൗക്കത്ത് മണ്ണാർക്കാട്, ജോമോൻ ജോസഫ് തായങ്കരി, നിസാമുദ്ദീൻ കല്ലറ, ബാബു ആന്റണി, സമീർ മൂച്ചിക്കൽ തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി. ഏരിയ സ്പോർട്സ് കൺവീനർ ബിജു വെളിയാമ്മറ്റം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.