സൗദിയിൽ തൊഴിൽ കരാറുകൾക്ക് ഇനി നിയമപരിരക്ഷ കൂടുതൽ; ശമ്പളം മുടങ്ങിയാൽ വേഗത്തിൽ നടപടി

റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്നവർക്കും തൊഴിലുടമകൾക്കും ഒരുപോലെ ഗുണകരമാകുന്ന പുതിയ പരിഷ്കാരം നടപ്പാക്കുന്നു. ഇലക്ട്രോണിക് തൊഴിൽ കരാറുകളെ ‘എക്സിക്യൂട്ടീവ് രേഖ’കളായി അംഗീകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

എന്താണ് ഇതുകൊണ്ടുള്ള ഗുണം?

മുൻപ് തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ കോടതികൾ കയറിയിറങ്ങി നീണ്ട നിയമനടപടികൾ വേണ്ടിവരുമായിരുന്നു. എന്നാൽ പുതിയ പരിഷ്കാരത്തോടെ, നിയമപരമായി അംഗീകരിക്കപ്പെട്ട കരാറുകൾ ലംഘിച്ചാൽ നേരിട്ട് നടപടി സ്വീകരിക്കാൻ സാധിക്കും.

ഏതൊക്കെ കരാറുകൾ ഉൾപ്പെടും?

നിലവിൽ നിശ്ചിത കാലാവധിയുള്ള കരാറുകളെയാണ് (ഫിക്​സ്​ഡ്​ ടേംസ്​ കോൺട്രാക്​റ്റ്​സ്​) ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ സ്ഥിര കരാറുകളെയും ഉൾപ്പെടുത്തും.

തൊഴിൽ കരാറുകൾ നിർബന്ധമായും ‘ക്വിവ’ പ്ലാറ്റ്‌ഫോം വഴി രജിസ്​റ്റർ ചെയ്തിരിക്കണം. കൂടാതെ നീതിന്യായ മന്ത്രാലയത്തിൽ നിന്ന് ഒരു ‘എക്സിക്യൂട്ടീവ് നമ്പർ’ കൂടി വാങ്ങുന്നതോടെ കരാറിന് പൂർണമായ നിയമസാധുത ലഭിക്കും.

ശമ്പളം മുടങ്ങിയാൽ എന്തുചെയ്യാം?

ശമ്പളം കൃത്യമായി ലഭിക്കാത്ത തൊഴിലാളികൾക്ക് പരാതി നൽകാൻ ഇനി നിയമം കൂടുതൽ എളുപ്പമാണ്. ശമ്പളം ലഭിക്കേണ്ട തീയതി കഴിഞ്ഞ് 30 ദിവസം പിന്നിട്ടിട്ടും പൂർണ ശമ്പളം കിട്ടിയില്ലെങ്കിൽ പരാതിപ്പെടാം. ശമ്പളം ഭാഗികമായി മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ 90 ദിവസത്തിന് ശേഷം നടപടി ആവശ്യപ്പെടാം.

ഇത്തരം പരാതികൾ ‘നാജിസ്’ പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി സമർപ്പിക്കാം. പരാതി ലഭിച്ചാൽ അഞ്ച്​ ദിവസത്തിനുള്ളിൽ തൊഴിലുടമ മറുപടി നൽകേണ്ടതുണ്ട്. തൊഴിൽ ബന്ധങ്ങളിൽ സുതാര്യത ഉറപ്പാക്കാനും പരാതികളിൽ പെട്ടെന്ന് പരിഹാരം കാണാനുമാണ് മാനവ വിഭവശേഷി മന്ത്രാലയം ഈ നടപടികൾ സ്വീകരിക്കുന്നത്.

Tags:    
News Summary - Saudi Arabia now has more legal protection for employment contracts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.