യു.എ.ഇ നിലപാടിൽ സൗദിക്ക് അതൃപ്തി; യമനിലെ സൈനിക നീക്കം 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണം

ജിദ്ദ: യമൻ അതിർത്തിയിൽ യു.എ.ഇ നടത്തുന്ന സൈനിക നീക്കങ്ങളിലും രാഷ്ട്രീയ ഇടപെടലുകളിലും കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി സൗദി അറേബ്യ രംഗത്ത്. യമനിലെ ഹളർമൗത്ത്, അൽമഹ്‌റ ഗവർണറേറ്റുകളിൽ സൈനിക നീക്കം നടത്താൻ സതേൺ ട്രാൻസിഷനൽ കൗൺസിൽ (എസ്.ടി.സി) സേനയ്ക്ക് മേൽ യു.എ.ഇ സമ്മർദ്ദം ചെലുത്തുന്നത് സൗദിയുടെ ദേശീയ സുരക്ഷയ്ക്കും മേഖലയുടെ സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച അറബ് സഖ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്തതാണ് യു.എ.ഇയുടെ ഈ നടപടികളെന്നും സൗദി കുറ്റപ്പെടുത്തി. സഖ്യസേനയുടെ ഔദ്യോഗിക അനുമതിയില്ലാതെ യു.എ.ഇയിലെ ഫുജൈറ തുറമുഖത്തുനിന്ന് ആയുധങ്ങളും വാഹനങ്ങളും മുക്കല്ല തുറമുഖത്തേക്ക് എത്തിച്ചത് സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കുന്നു. ഈ സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ യമനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും ഏതെങ്കിലും വിഭാഗങ്ങൾക്ക് നൽകുന്ന സാമ്പത്തിക, സൈനിക സഹായങ്ങൾ അവസാനിപ്പിക്കാനും സൗദി അറേബ്യ യു.എ.ഇയോട് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും ഏതൊരു ഭീഷണിയെയും നേരിടാൻ രാജ്യം സജ്ജമാണെന്നും സൗദി മുന്നറിയിപ്പ് നൽകി. യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സൗദി, ദക്ഷിണ യമൻ പ്രശ്നം രാഷ്ട്രീയ ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് വ്യക്തമാക്കി. അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധവും മേഖലയുടെ സമാധാനവും മുൻനിർത്തി യു.എ.ഇ ഈ കാര്യത്തിൽ വിവേകപൂർണ്ണമായ തീരുമാനമെടുക്കുമെന്നും ഉഭയകക്ഷി ബന്ധം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സൗദി അറേബ്യ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - Saudi Arabia is unhappy with the UAE's stance; the military operation in Yemen must be withdrawn within 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.