ഹുർമുസ് കടലിടുക്കിലെ കപ്പലാക്രമണം: ഇറാനെ അപലപിച്ച് സൗദി അറേബ്യ
റിയാദ്: ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി എണ്ണക്കപ്പലായ ‘സിദറി’ന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെയും കപ്പൽ ജീവനക്കാരുടെ മരണത്തെയും സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ജോർഡാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാെൻറ നീക്കങ്ങളെയും സൗദി വിമർശിച്ചു. സ്വന്തം സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സഹോദര രാജ്യങ്ങൾ സ്വീകരിക്കുന്ന ഏത് നടപടികൾക്കും സൗദിയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും ഉണ്ടായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മേഖലയിലെ അതിക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കേണ്ടതുണ്ടെന്ന് സൗദി പറഞ്ഞു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിെൻറ സുരക്ഷ, സമുദ്രസുരക്ഷ, ആഗോള ഊർജ്ജ വിതരണത്തിെൻറ സുരക്ഷിതത്വം, അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങൾ, ഐക്യരാഷ്ട്രസഭയുടെ കരാറുകൾ എന്നിവ പാലിക്കപ്പെടേണ്ടതിെൻറ പ്രാധാന്യവും സൗദി ചൂണ്ടിക്കാട്ടി. അക്രമങ്ങൾ അവസാനിപ്പിച്ച്, എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ച് ചർച്ചകളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും പ്രശ്ന പരിഹാരത്തിന് തയ്യാറാകണമെന്നും സൗദി ആഹ്വാനം ചെയ്തു.
ഹുർമുസ് കടലിടുക്കിലൂടെയുള്ള യാത്രക്കിടെ ആഗസ്റ്റ് 31ന് രാത്രി പ്രാദേശിക സമയം 11.40ഓടെയാണ് ‘സിദർ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് നാഷനൽ ഷിപ്പിങ് കമ്പനി ഓഫ് സൗദി അറേബ്യ (ബഹ്‍രി) സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഫിലിപ്പീൻസ് പൗരന്മാരായ രണ്ട് നാവികർ കൊല്ലപ്പെട്ടതായി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി.
കപ്പലിൽ ഉള്ളവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ബന്ധപ്പെട്ട അധികാരികളുമായും അന്താരാഷ്ട്ര സമുദ്ര ഏജൻസികളുമായും സഹകരിച്ച് സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ‘ബഹ്‌രി’ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും പാരിസ്ഥിതിക സംരക്ഷണ നിയമങ്ങളും പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ബഹ്‍രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.