ജിദ്ദ: 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യത ആർക്കെന്നറിയാൻ ഇനി ഒരു മത്സരം മാത്രം. ഏഷ്യൻ പ്ലേ-ഓഫിലെ ഗ്രൂപ്പ് ബിയിൽ നിന്ന് സൗദി അറേബ്യയും ഇറാഖും തമ്മിലുള്ള നിർണ്ണായക പോരാട്ടത്തിന് കളമൊരുങ്ങി. ചൊവ്വാഴ്ച വൈകീട്ട് ജിദ്ദ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലെ അൽഇൻമ സ്റ്റേഡിയത്തിലാണ് ലോകം ഉറ്റുനോക്കുന്ന സൗദി-ഇറാഖ് മത്സരം നടക്കുക. ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തിൽ ഇറാഖ്, ഇന്തോനേഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഈ വിജയത്തോടെ ഇന്തോനേഷ്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വിരാമമായി. ഇതോടെയാണ് ഗ്രൂപ്പിലെ അവസാന മത്സരം സൗദിക്കും ഇറാഖിനും ഫൈനലിന് തുല്യമായത്.
നിലവിലെ സാഹചര്യത്തിൽ 'ഗ്രീൻ ഫാൽക്കൺസ്' എന്നറിയപ്പെടുന്ന സൗദി അറേബ്യക്ക് കാര്യങ്ങൾ അനുകൂലമാണ്. ഇറാഖിനെതിരെ സമനില നേടിയാൽ പോലും സൗദി ടീമിന് ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കാം. ഗോളുകളുടെ എണ്ണത്തിലുള്ള മുൻതൂക്കമാണ് സൗദിക്ക് തുണയാകുന്നത്. ഗ്രൂപ്പിലെ മറ്റൊരു ടീമായ ഇന്തോനേഷ്യക്കെതിരെ സൗദി 3-2ന്റെ വിജയം നേടിയപ്പോൾ, ഇറാഖിന് 1-0ന് മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ. ഈ ഗോൾ വ്യത്യാസമാണ് ഇറാഖിനെ സമ്മർദ്ദത്തിലാക്കുന്നത്. ഇറാഖിന് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടണമെങ്കിൽ സൗദിക്കെതിരെ വിജയം അനിവാര്യമാണ്. ചൊവ്വാഴ്ചത്തെ മത്സരത്തിൽ ജയിക്കുന്ന ടീം ലോകകപ്പിന് യോഗ്യത നേടും. മത്സരം സമനിലയിൽ പിരിഞ്ഞാൽ സൗദി അറേബ്യയാകും 2026 ലോകകപ്പിന് ടിക്കറ്റെടുക്കുക. ഫുട്ബോൾ ആരാധകർ ആവേശത്തോടെയാണ് ഈ അന്തിമ പോരാട്ടത്തിനായി കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.