യാംബു: യാത്രക്കാരുടെ ബാഗേജുകൾ സുരക്ഷിതമാക്കുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ സൗദി വിമാനത്താവളങ്ങൾ ഇടംപിടിച്ചു. ആഗോള വിമാനത്താവള, വ്യോമയാന സേവന റേറ്റിങ് ഓർഗനൈസേഷൻ (സ്കൈട്രാക്സ്) കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്ഥിതിവിവര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരുടെ ബാഗേജ് സുരക്ഷിതമാക്കുന്നതിലും അവ കൃത്യമായി വിതരണം ചെയ്യുന്നതിലും സൗദി വിമാനത്താവളങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നാണെന്ന് സ്കൈട്രാക്സ് വെളിപ്പെടുത്തി.
ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം ആഗോളതലത്തിൽ നാലാം സ്ഥാനത്തെത്തി. നിരവധി പ്രശസ്ത യൂറോപ്യൻ, ഏഷ്യൻ വിമാനത്താവളങ്ങളെ മറികടന്നുള്ള നേട്ടമാണ് ഗൾഫ് വിമാനത്താവളങ്ങൾ നേടിയത്. സമീപ വർഷങ്ങളിൽ വ്യോമയാന മന്ത്രാലയം നടപ്പാക്കിയ നൂതന ബാഗേജ് ഹാൻഡ്ലിങ് സംവിധാനങ്ങൾ ഏറെ ഫലം കണ്ടതായി വിലയിരുത്തുന്നു. സൗദി വിമാനത്താവളങ്ങളിൽനിന്ന് ബാഗേജ് നഷ്ടനിരക്ക് പൂജ്യത്തിനടുത്ത് എത്തിയതായാണ് റിപ്പോർട്ട്. ലോകത്തിലെ മുൻനിര വ്യോമയാന കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ആഗോളതലത്തിൽ ആറാം സ്ഥാനത്തെത്തി.
സൗദി വിമാനത്താവളങ്ങളിൽ കൈകാര്യംചെയ്യുന്ന ബാഗേജ് സംവിധാനങ്ങളിൽ കാര്യമായ പുരോഗതിക്ക് ഈയിടെ സാക്ഷ്യംവഹിച്ചു. ബാഗേജ് ഡെലിവറിയുടെ വേഗതയും കൃത്യതയും ഉൾപ്പെടെ യാത്രക്കാരുടെ അനുഭവത്തിന്റെ കാര്യത്തിൽ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം മികച്ച പ്രാദേശിക വിമാന ത്താവളങ്ങളിലൊന്നായി ഉയർന്നുവന്നു.
റിയാദ്, ജിദ്ദ വിമാനത്താവളങ്ങളും ദേശീയ പരിവർത്തന പദ്ധതിക്കും സൗദി വിഷൻ 2030നും അനുസൃതമായി അവയുടെ ഹാൻഡ് ലിങ് സംവിധാനങ്ങൾ നവീകരിക്കുന്നതിനായി പ്രവർത്തിച്ചതും നേട്ടത്തിന് വഴിവെച്ചു. സൗദി വിമാനത്താവളങ്ങളുടെ വികസനത്തോടൊപ്പം ഗൾഫ് വിമാനത്താവളങ്ങൾ ആഗോള ടോപ്പ് ടെന്നിൽ ഇടം നേടിയതും വമ്പിച്ച നേട്ടമാണ്. തായ്വാനിലെ തായ്വാൻ, ജപ്പാനിലെ കൻസായി, സിംഗപ്പൂരിലെ ചാംഗി തുടങ്ങിയ ഏഷ്യയിലെയും യൂറോപ്പി ലെയും പ്രധാന വ്യോമയാന കേന്ദ്രങ്ങളുമായി ഗൾഫ് മേഖല ഇപ്പോൾ മത്സരിക്കുകയാണെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടി.
ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം
ചെക്-ഇൻ മുതൽ അന്തിമ ഡെലിവറി വരെയുള്ള യാത്രയുടെ ഓരോ ഘട്ടത്തിലും ബാഗേജ് ട്രാക്കിങ് പ്രാപ്തമാക്കുന്ന നൂതന സ്മാർട്ട് സാങ്കേതികവിദ്യകൾ ഗൾഫ് വിമാനത്താവളങ്ങൾ പിന്തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങളിലെ വലിയ നിക്ഷേപങ്ങളും മനുഷ്യവിഭവശേഷിയുടെ തുടർച്ചയായ പരിശീലനവും പ്രകടന നിലവാരം ഉയർത്തുന്നതിനും യാത്രക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്. സൗദി വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ച യാത്രക്കാർക്ക് ബാഗേജ് വേഗത്തിലും കൃത്യമായും ലഭിക്കുന്നു. ഇത് യാത്രാനുഭവത്തെ കൂടുതൽ സുഖകരമാക്കുകയും ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് കൂടുതൽ ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളോടുള്ള ഇഷ്ടം വർധിപ്പിക്കുകയും ചെയ്യുന്നതായും വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.