മദീന: റമദാനിൽ വിശ്വാസികൾക്കും സന്ദർശകർക്കും മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കുമുള്ള യാത്ര സുഗമമാക്കുന്നതിനായി എട്ട് റൂട്ടുകളിൽ ഷട്ടിൽ ബസ് സർവിസുകൾ ആരംഭിച്ചതായി മദീന ബസ് പ്രോജക്റ്റ് പ്രഖ്യാപിച്ചു. മദീന വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. റമദാനിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ സഞ്ചാരം സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
അൽ ഖാലിദിയ ജില്ല, കിങ് ഫഹദ് ജില്ല, ഹറമൈൻ ഹൈസ്പീഡ് റെയിൽവേ സ്റ്റേഷൻ, ശാത്ത ജില്ല, സയ്യിദ് അൽശുഹദാഅ്, അൽ സലാം കോളജ്, സ്പോർട്സ് സ്റ്റേഡിയം, പാർക്ക് എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ വഴിയാണ് ബസ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, ഖുബാഅ് പള്ളിയിലേക്ക് നേരിട്ടുള്ള യാത്രക്കായി ആലിയ സ്റ്റേഷൻ സ്റ്റോപ്പും നിശ്ചയിച്ചിട്ടുണ്ട്.
ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ തറാവീഹ് നമസ്കാരം കഴിഞ്ഞ് ഒരു മണിക്കൂർ വരെയാണ് ബസുകൾ സർവിസ് നടത്തുക. നഗരത്തിലെ പ്രധാന താമസമേഖലകളെയും സുപ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ ഗതാഗത ശൃംഖല വഴി സന്ദർശകർക്ക് ഏറെ എളുപ്പത്തിലും സൗകര്യപ്രദമായും പ്രാർഥനകൾ നിർവഹിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.