യാത്രക്കാർ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്ന്​ സൗദി എയർപോർട്ട്​ മാനേജ്​മെൻറുകൾ​

റിയാദ്​: ഇറാനെതിരായ ഇസ്രായേൽ വ്യോമാക്രമണ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾ വ്യോമാതിർത്തികൾ താൽക്കാലികമായി അടച്ചതിനാൽ വിമാന സർവിസ്​ ഷെഡ്യൂളുകൾ മാറാൻ സാധ്യതയുണ്ടെന്ന്​ സൗദി അറേബ്യയിലെ വിമാനത്താവള മാനേജുമെൻറുകൾ അറിയിച്ചു​.

നിലവിൽ വിമാനസർവിസുകൾ തടസ്സങ്ങൾ നേരിടുന്നുണ്ട്​. അതുകൊണ്ട്​ സൗദിയിൽനിന്ന്​ വിദേശ രാജ്യങ്ങളിലേക്ക്​ പോകാൻ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിട്ടുള്ള എല്ലാ യാത്രക്കാരും അതത്​ വിമാന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട്​ നിലവിലെ സ്ഥിതി മനസിലാക്കണം. അതനുസരിച്ച്​ യാത്ര ക്രമീകരിക്കണമെന്നും വിവിധ സൗദി എയർപ്പോർട്ടുകളുടെ മാനേജ്​മെൻറുകൾ സംയുക്തമായി അറിയിച്ചു.

ജിദ്ദയിലെ കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളം, റിയാദ്​ കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളം, ദമ്മാം കിങ്​ ഫഹദ് അന്താരാഷ്​ട്ര വിമാനത്താവളം എന്നിവയുടെ മാനേജ്‌മെൻറാണ്​ മുഴുവൻ യാത്രക്കാരോടും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത്​ വിമാനങ്ങളുടെ നിലവിലെ ഷെഡ്യൂളും എന്തെങ്കിലും അടിയന്തര മാറ്റങ്ങൾ ഉണ്ടോയെന്നും​ പരിശോധിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്​.

യാത്രാതീയതികൾ പെട്ടെന്ന് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ട്​ ഒഴിവാക്കാനാണ്​ ഈ മുന്നറിയിപ്പ്​ എന്നും പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - Saudi airport managements ask passengers to contact airlines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.