ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ഘടകം ഏർപ്പെടുത്തിയ പ്രഥമ പ്രവാസമുദ്ര പുരസ്കാരം സംവിധായകൻ സലീം അഹമ്മദിന്. മനുഷ്യെൻറ വൈവിധ്യ ജീവിതാവസ്ഥകളെ മലയാള സാഹിത്യത്തിലേക്കും അഭ്രപാളികളിലേക്കും സന്നിവേശിപ്പിച്ച സാഹിത്യകാരനും സംവിധായകനുമായിരുന്ന പി. പത്മരാജെൻറ പേരിൽ ചലച്ചിത്ര പ്രതിഭകൾക്ക് ഏർപ്പെടുത്തിയ പുരസ്കാരമാണിതെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സിനിമാപ്രവർത്തകരായ വിനീഷ് മില്ലേനിയം, നിസാർ റൂമി, അനിൽ മുഹമ്മദ് എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്ത്. ഫെബ്രുവരി 14ന് ദമ്മാമിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
മലയാള സിനിമയിൽ വേറിട്ട വഴി തുറന്ന സലീം അഹമ്മദ് പ്രവാസജീവിതത്തിെൻറ അനുഭവശേഷിപ്പുകൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ സംവിധായകൻ കൂടിയാണ്. സിനിമയും സാഹിത്യവുമായി ബന്ധപ്പെട്ട മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് സൗദി മലയാളി സമാജം അവാർഡുകൾ നൽകുന്നത്. കഴിഞ്ഞ വർഷം മാനവനന്മയുള്ള രചനകളെ മുൻനിർത്തി കെ.പി. രാമനുണ്ണിക്ക് സദ്ഭാവന അവാർഡ് സമ്മാനിച്ചിരുന്നു. അവാർഡിനൊപ്പം ഇവരെ ഗൾഫിലെത്തിക്കുകയും പ്രവാസികളുമായി സംവദിക്കാൻ ഇടമൊരുക്കുകയും ചെയ്യാറുണ്ടെന്നും സമാജം ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു. പുരസ്കാരം ഏറ്റുവാങ്ങാൻ സൗദിയിലെത്തുന്ന സലീം അഹമ്മദ് സമാജം നടത്തുന്ന ‘കഥ, തിരക്കഥ, സംവിധാനം’ എന്ന ശീർഷകത്തിലെ ഏകദിന ക്യാമ്പിൽ പ്രവാസ സാഹിത്യ പ്രവർത്തകരുമായി സംവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.