റുക്സാന മൂസ മക്കൾക്കൊപ്പം (ഇൻസൈറ്റിൽ ഭർത്താവ് ആലക്കലകത്ത് മൂസ)

സാമൂഹികരംഗത്ത് നിസ്തുല സേവനങ്ങൾക്കൊടുവിൽ റുക്സാന മൂസ പ്രവാസം അവസാനിപ്പിക്കുന്നു

ജിദ്ദ: ജിദ്ദയിലെ മത, സാമൂഹിക, സാംസ്കാരികരംഗത്ത് വനിതാ സാന്നിധ്യമായി നാല് പതിറ്റാണ്ടിനടുത്ത് നിസ്തുല സേവനങ്ങൾ നിർവഹിച്ച റുക്സാന മൂസ പ്രവാസം അവസാനിപ്പിക്കുന്നു. ജിദ്ദയിൽ രണ്ട് വർഷങ്ങൾക്ക് മുമ്പ് കാറപടകത്തിൽ മരിച്ച കണ്ണൂർ താണ സ്വദേശി ആലക്കലകത്ത് മൂസയുടെ ഭാര്യയായ ഇവർ ഫാമിലി വിസയിലാണ് 1984 ൽ യാംബുവിലെത്തുന്നത്. 1990 കളിൽ യാംബുവിൽ തനിമ സാംസ്‌കാരിക വേദിയുമായി ബന്ധപ്പെട്ടതോടെയാണ് റുക്സാന മൂസയുടെ പൊതുജീവിതം ആരംഭിക്കുന്നത്. ഭർത്താവിനോടൊപ്പം സംഘടനാ രംഗത്ത് അന്ന് മുതൽ ആരംഭിച്ച പ്രയാണം ഇന്നും തുടരുന്നു. യാംബുവിൽ നിന്ന് 10 വർഷത്തിന് ശേഷം ഭർത്താവിന് ജോലി മാറ്റം ലഭിച്ചു ജിദ്ദയിലേക്കെത്തിയതോടെ റുക്സാനയുടെയും പ്രവർത്തന തട്ടകം ജിദ്ദയിലായി.

ജിദ്ദയിലെത്തിയതിന് ശേഷം തനിമ കലാസാംസ്കാരിക വേദിയിലെ മറ്റു വനിതാ നേതാക്കളോടൊപ്പം റുക്സാനയും നേതൃതലത്തിൽ തന്നെ പ്രവർത്തിച്ചു തുടങ്ങി. സംഘടനയുടെ ഏരിയ ഓർഗനൈസർ, സോണൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങി പല സ്ഥാനങ്ങളും വഹിച്ചിരുന്ന അവർ കഴിഞ്ഞ ആറ് വർഷമായി ജിദ്ദ സൗത്ത് സോൺ വനിതാ പ്രസിഡന്റ് ആണ്. അതോടൊപ്പം തന്നെ മാനവീയം രക്ഷാധികാരി, സിജി, അക്ഷരം വായനവേദി തുടങ്ങിയ കൂട്ടായ്മയിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു. 2009 മുതൽ ശറഫിയ ഇമാം ബുഖാരി മദ്രസയിൽ ടീച്ചറായും റുക്സാന തന്റെ സേവനം തുടർന്നുവരുന്നു. തനിമയുടെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുമ്പോൾ തന്നെ ജിദ്ദയിലെ മറ്റു വനിതാ കൂട്ടായ്മകളായ നവോദയ കുടുംബവേദി, ഐവോ, ജിദ്ദ കലാസാഹിതി തുടങ്ങിയവയിലെ അംഗങ്ങളോടെല്ലാം സ്നേഹബന്ധം കാത്തുസൂക്ഷിച്ചിരുന്നതോടൊപ്പം അവരുടെ പരിപാടികളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു റുക്സാന.

ജിദ്ദയിൽ നടക്കുന്ന വനിതാ കൂട്ടായ്മയുടെ പരിപാടികളിലെല്ലാം തനിമയെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നതും റുക്സാന മൂസയാണ്. വനിതകൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ക്‌ളാസുകളിൽ അവർക്ക് ഇസ്‌ലാമിക, ഖുർആനിക അധ്യാപനങ്ങൾ പകർന്നുകൊടുക്കുന്നതിലും ഇവരുടെ പങ്ക് പ്രത്യേകം പ്രസ്താവ്യമാണ്. ജമാഅത്തെ ഇസ്‌ലാമി അംഗമായ ഇവർ നാട്ടിലെത്തിയാലും തന്നാൽ കഴിയുന്ന രീതിയിൽ പൊതുരംഗത്ത് സജീവമാവാൻ തന്നെയാണ് തീരുമാനമെന്ന് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

1978 മുതൽ പ്രവാസിയായിരുന്ന ഭർത്താവ് ആലക്കലകത്ത് മൂസ ജമാഅത്തെ ഇസ്‌ലാമി അംഗവും തനിമ ജിദ്ദ സൗത്ത് കൂടിയാലോചന സമിതി അംഗവുമായിരുന്നു. അരാംകോ, യാംബു റോയൽ കമ്മീഷൻ, സൗദി കേബിൾ കമ്പനി എന്നിവിടങ്ങളിൽ ജോലിചെയ്ത അദ്ദേഹം അവസാനമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സപ്പോർട്ട് സർവീസ് മാനേജറായിരിക്കെയാണ് 2020 ൽ റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ചു മരിച്ചത്. ഭർത്താവിന്റെ ആകസ്മിക വേർപാട് റുക്സാനയെ മാനസികമായി തളർത്തിയെങ്കിലും സഹപ്രവർത്തകരിൽ നിന്നുള്ള അകമഴിഞ്ഞ പിന്തുണയോടെ അവർ പൊതുരംഗത്ത് വീണ്ടും സജീവമായി തന്നെ തുടർന്നു. ജുബൈൽ സാബിഖിൽ ജോലിചെയ്യുന്ന, യൂത്ത് ഇന്ത്യ പ്രവർത്തകൻ റയ്യാൻ മൂസ, എറണാംകുളത്ത് സർക്കാർ സർവിസിലുള്ള ഡെന്റൽ ഡോക്ടർ നൂഷിൻ, ഡോ. അബ്ദുൽ മുഈസ് (കണ്ണൂർ), ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ പ്ലസ് ടൂ വിദ്യാർത്ഥിയും സ്റ്റുഡന്റ്സ് ഇന്ത്യ ജിദ്ദ സൗത്ത് മുൻ പ്രസിഡന്റുമായിരുന്ന റുഹൈം മൂസ എന്നിവർ മക്കളാണ്. മരുമക്കൾ: എൻജിനീയർ തൻസീർ (ബിസിനസ്, എറണാംകുളം), സുഫൈറ (അധ്യാപിക, ഡ്യൂൺ ഇന്റർനാഷനൽ സ്‌കൂൾ ജുബൈൽ).

Tags:    
News Summary - Ruksana Moosa ends her exile after her unique services to the community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.