ജിദ്ദ ഇസ്ലാമിക് തുറമുഖം
റിയാദ്: സൗദി തുറമുഖങ്ങളുടെ മത്സരശേഷി വർധിപ്പിക്കുന്നതിനായി ഗുഡ്റിച്ച് കമ്പനിയുടെ പുതിയ ആർ.എസ്.എക്സ് വൺ (RSX1) ഷിപ്പിങ് സർവിസ് ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് കൂട്ടിച്ചേർക്കുന്നതായി ജനറൽ അതോറിറ്റി ഓഫ് പോർട്ട്സ് (മവാനി) വ്യക്തമാക്കി. സമുദ്ര ഗതാഗത മേഖലയിലും ആഗോള വിതരണ ശൃംഖലയിലും സൗദിയുടെ മുൻനിര സ്ഥാനം പ്രതിഫലിപ്പിച്ചുകൊണ്ട് സമുദ്ര കണക്റ്റിവിറ്റി ശൃംഖല വികസിപ്പിക്കുന്നതിനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനും ദേശീയ കയറ്റുമതിയെ പിന്തുണക്കുന്നതിനും ഇത് സംഭാവന ചെയ്യുന്നു.
പുതിയ ഷിപ്പിങ് സർവിസ് ജിദ്ദ ഇസ്ലാമിക് പോർട്ടിനെ മൂന്നു പ്രാദേശിക, അന്തർദേശീയ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നു. സുഡാനിലെ പോർട്ട് സുഡാൻ, ജിബൂട്ടിയിലെ പോർട്ട് ജിബൂട്ടി, യു.എ.ഇയിലെ ജബൽ അലി തുറമുഖം എന്നിവ ഇതിൽ ഉൾപ്പെടുന്നു. 720 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ വരെ വഹിക്കാൻ ഇവക്ക് ശേഷിയുണ്ട്. ദേശീയ കയറ്റുമതി പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിലൂടെ ആഗോള പ്രകടന സൂചകങ്ങളിൽ സൗദിയുടെ റാങ്കിങ് മെച്ചപ്പെടുത്തുന്നതിനുള്ള തുറമുഖങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.
മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള ലോജിസ്റ്റിക്സ് ഹബ്ബ് നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഏകീകരിക്കാൻ ലക്ഷ്യമിടുന്ന ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് പദ്ധതിയുമായി ഇത് പൊരുത്തപ്പെടുന്നു. 13 കോടി ടൺ ശേഷിയുള്ള ജിദ്ദ ഇസ്ലാമിക് തുറമുഖം മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ്. 62 മൾട്ടി പർപ്പസ് ബെർത്തുകൾ ഉൾപ്പെടെയുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങളാൽ വ്യത്യസ്തമാണ് ജിദ്ദ തുറമുഖം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.