ജിദ്ദ: രാജ്യത്തെ ജനാധിപത്യ സംവിധാനം അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി ആർ.എസ്.എസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി ആരോപിച്ചു.
ഭരണകൂട കൊള്ളരുതായ്മകളെ എതിർക്കുന്നവരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അന്യായമായി റെയ്ഡും അറസ്റ്റും നടത്തുന്നതിലൂടെ ന്യൂനപക്ഷങ്ങളിൽ ഭീകരത സൃഷ്ടിച്ച് കീഴ്പ്പെടുത്താനാണ് സംഘ്പരിവാർ ശ്രമമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ പ്രസിഡന്റ് അഷ്റഫ് മൊറയൂർ പറഞ്ഞു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പ്രകോപനം കൂടാതെ പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതാക്കളുടെ വീടുകളിൽ രാജ്യവ്യാപകമായി റെയ്ഡും അറസ്റ്റും നടന്നതെന്നും ഇതിനെതിരെ ജനാധിപത്യ മതേതര പൊതു സമൂഹം നിസ്സംഗത വെടിഞ്ഞ് പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ കരിനിയമങ്ങളും അടിച്ചമർത്തലുകളും സംസ്ഥാന ഭരണകൂടം നേരിട്ടാണ് നടത്തുന്നത്. ഇല്ലാത്ത തീവ്രവാദ ആരോപണം ഉന്നയിച്ച് അസമിലെ ഇസ്ലാമിക സ്ഥാപനങ്ങൾ തകർക്കുന്നത് ഇതിന്റെ ഭാഗമാണ്. കേരളം, പശ്ചിമ ബംഗാൾ തുടങ്ങിയ ബി.ജെ.പി സ്വാധീനം ഇല്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗപ്പെടുത്തി ഭരണ നിശ്ചലത ഉണ്ടാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്.
ഇന്ത്യൻ സോഷ്യൽ ഫോറം നാഷനൽ ജനറൽ സെക്രട്ടറി അഷ്റഫ് പുത്തൂർ കർണാടക, വൈസ് പ്രസിഡന്റ് നസ്റുൽ ഇസ്ലാം ചൗധരി അസം, സെക്രട്ടറി ഇ.എം അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.