ആർ.എസ്.സി റിയാദ് നോർത്ത് ‘തർതീൽ’സമാപന സംഗമത്തിൽനിന്ന്
റിയാദ്: ഖുര്‍ആന്‍ അവതരിച്ച റമദാനിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ കുട്ടികളിലും യുവാക്കളിലും ഖുർആൻ പാരായണവും പഠനവും മുൻനിർത്തി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റിയാദ് നോർത്ത് സോൺ കമ്മിറ്റി സംഘടിപ്പിച്ച ആറാം പതിപ്പ് തർതീലിന് വിവിധ പരിപാടികളോടെ പരിസമാപ്തി.
റിയാദിലെ സുലൈ യനാബിഅ ഇസ്തിറാഹയിൽ സ്വാഗതസംഘം ചെയർമാൻ ബഷീർ മിസ്ബാഹിയുടെ പ്രാർഥനയോടെ പരിപാടിക്ക് തുടക്കമായി. എട്ട് സെക്ടറുകളിൽനിന്നായി ജൂനിയര്‍, സെക്കൻഡറി, സീനിയര്‍, സൂപ്പർ സീനിയർ വിഭാഗങ്ങളില്‍ തിലാവത്ത്, ഹിഫ്ദ്, ഹാഫിദ് തിലാവത്ത്, ഹാഫിദ് ഹിഫ്ദ്, ക്വിസ്, ഇസ്മുൽ ജലാല, മുബാഹസ തുടങ്ങി 18 ഇനങ്ങളില്‍ മത്സരാർഥികൾ മാറ്റുരച്ചു. 59 പോയന്റ് നേടി മലാസ് സെക്ടര്‍ ഒന്നാം സ്ഥാനവും സുലൈ, ഉലയ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
ഗ്രാന്‍ഡ് ഇഫ്താറോടെ നടന്ന സമാപന സംഗമത്തിൽ സോൺ ചെയർമാൻ ഷുഹൈബ് സഅദി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് നിസാമുദ്ദീൻ ഫാദിലി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കലാലയം സെക്രട്ടറി സലിം പട്ടുവം വിജയികളെ പ്രഖ്യാപിച്ചു. ഐ.സി.എഫ് റിയാദ് ഫിനാൻസ് സെക്രട്ടറി ഷമീർ രണ്ടത്താണി വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. പ്രവാസത്തിലെ ഒഴിവുസമയം ഉപയോഗപ്പെടുത്തി അറബി ഭാഷയിൽ എം.ഫിൽ കരസ്ഥമാക്കിയ ഷഫീഖിന് പ്രത്യേക ഉപഹാരം നൽകി.
വനിതകൾക്ക് നടത്തിയ കാലിഗ്രഫി, പ്രബന്ധ രചന മത്സര വിജയികൾക്കും വേദിയിൽ സമ്മാന വിതരണം നടത്തി. ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫിയുടെ പ്രാർഥനയോടെ സമാപിച്ച പരിപാടിക്ക് ആര്.എസ്.സി റിയാദ് നോർത്ത് എക്സിക്യൂട്ടിവ് സെക്രട്ടറി സുഹൈൽ കണ്ണൻതൊടി സ്വാഗതവും കലാലയം സെക്രട്ടറി സജീദ് മാട്ട നന്ദിയും പറഞ്ഞു. വിജയികൾ ഏപ്രിൽ 14ന് ഖസീമിൽ നടക്കുന്ന ദേശീയ തർതീൽ മത്സരങ്ങളിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.