സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒരുക്കിയ അത്താഴവിരുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ
റിയാദ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒരുക്കിയ അത്താഴവിരുന്നിൽ അതിഥിയായി പോർചുഗൽ സൂപ്പർ താരവും സൗദിയിലെ അൽനസ്ർ ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് ഒരുക്കിയ വിരുന്നിലാണ് അപ്രതീക്ഷിത അതിഥിയായി റൊണാൾഡോ എത്തിയത്. വിരുന്നിലേക്ക് പോർചുഗൽ സൂപ്പർതാരം എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ റൊണാൾഡോ തെൻറ വിരുന്നിൽ പങ്കെടുത്തതിന് ട്രംപ് നന്ദി പറഞ്ഞു. തെൻറ ഇളയ മകൻ ബാരോൺ ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനാണെന്നും ട്രംപ് വെളിപ്പെടുത്തി. ക്രിസ്റ്റ്യാനോയെ നേരിട്ടുകാണാൻ കഴിഞ്ഞതിൽ മകന് വലിയ സന്തോഷമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഡോണൾഡ് ട്രംപിനും മുഹമ്മദ് ബിൻ സൽമാനും സമീപത്തായാണ് റൊണോൾഡോക്കും ഇരിപ്പിടമൊരുക്കിയത്.
ആപ്പിൾ സി.ഇ.ഒ ടിം കുക്, ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ, ഷെവ്റൺ ചീഫ് എക്സിക്യൂട്ടിവ് മൈക് വിർത്, ബ്ലാക് സ്റ്റോൺ സഹസ്ഥാപകൻ സ്റ്റീഫൻ ഷെവർമാൻ, ജനറൽ മോട്ടോഴ്സ് സി.ഇ.ഒ മേരി ബാര, ഫോഡ് എക്സിക്യൂട്ടിവ് ചെയർമാൻ വില്യം ക്ലേ ഫോഡ്, യു.എസ് വൈസ് പ്രസിഡൻറ് ജെ.ഡി വാൻസ്, ഡോണൾഡ് ട്രംപ് ജൂനിയർ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
യു.എസും മെക്സികോയും കാനഡയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പായിരിക്കും തെൻറ കരിയറിലെ അവസാന ടൂർണമെന്റെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിരുന്നു. 2014 ആഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ അവസാനമായി അമേരിക്കൻ മണ്ണിൽ കളിച്ചത്. റയൽ മഡ്രിഡ്-മാഞ്ചസ്റ്റർ യുനൈറ്റഡ് സൗഹൃദ മത്സരത്തിനുവേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യു.എസിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.