റിയാദ് സീസൺ 2025' ന് തിരിതെളിഞ്ഞു; ചരിത്ര സംഭവമായി ഉദ്ഘാടന പരേഡ്

റിയാദ്: ലോകത്തിലെ തന്നെ ശ്രദ്ധേയമായ കലാ, വിനോദ പരിപാടികളിൽ ഒന്നായ 'റിയാദ് സീസൺ 2025' ന്റെ ആറാം പതിപ്പിന് വെള്ളിയാഴ്ച വർണപ്പകിട്ടോടെ തുടക്കം. കിങ്‌ഡം അരീനയ്ക്കും ബൊളിവാർഡ് വേൾഡിനും ഇടയിലായി നടന്ന ഉദ്ഘാടന മാർച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ആകാംക്ഷയോടെ കാത്തിരുന്ന ഈ വിനോദോത്സവത്തിന് തിരിതെളിഞ്ഞതോടെ റിയാദ് നഗരം ഉത്സവ ആവേശത്തിലായി.

സ്ത്രീകളും യുവാക്കളും കുട്ടികളും ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടെ വൻ പങ്കാളിത്തമാണ് ഉദ്ഘാടന പരേഡിൽ ഉണ്ടായത്. വിസ്മയകരമായ കാഴ്ചകളും ആഹ്ളാദവും സമ്മാനിച്ച പരേഡ്, സന്തോഷവും ആവേശവും നിറഞ്ഞ ഒരു പുതിയ സീസണിനാണ് തുടക്കമിട്ടത്. ഇത് ലക്ഷക്കണക്കിന് പൗരന്മാർക്കും താമസക്കാർക്കും രാജ്യത്തിന് പുറത്തുനിന്നെത്തിയ വിനോദസഞ്ചാരികൾക്കും ആനന്ദമേകി.

ന്യൂയോർക്കിലെ പ്രശസ്തമായ മാസീസ് ഭീമൻ ബലൂണുകളുടെ പ്രദർശനമായിരുന്നു ഈ വർഷത്തെ പരേഡിന്റെ പ്രധാന ആകർഷണം. സീസണിലെ വിവിധ വിനോദ മേഖലകളെ പ്രതിനിധീകരിക്കുന്ന ഫ്ളോട്ടുകളും പരേഡിൽ അണിനിരന്നു. രാജ്യത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക സമ്പന്നത വിളിച്ചോതുന്ന അതുല്യമായ ദൃശ്യാനുഭവമാണ് കാണികൾക്ക് ലഭിച്ചത്. പരേഡ് വീക്ഷിക്കാൻ സൗജന്യ പ്രവേശനമാണ് ഒരുക്കിയിരുന്നത്. സംഗീതത്തിന്റെയും വർണ്ണങ്ങളുടെയും അകമ്പടിയോടെ നടന്ന തത്സമയ കലാപ്രകടനങ്ങൾ റിയാദിനെ ആനന്ദത്തിലാഴ്ത്തി.

ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽഷൈഖാണ് 'റിയാദ് സീസൺ 2025' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്. വിനോദ മേഖലയ്ക്ക് നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്ക് അദ്ദേഹം സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി അറിയിച്ചു. പ്രാദേശിക സർഗ്ഗാത്മകതയും അന്താരാഷ്ട്ര അനുഭവങ്ങളും സംയോജിപ്പിച്ചുകൊണ്ട് റിയാദ് സീസൺ വിനോദ വ്യവസായത്തിലെ മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയും, മേഖലയിലെ ഇവന്റുകളുടെ നിലവാരം അളക്കുന്നതിനുള്ള മാനദണ്ഡമെന്ന പദവിയും കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ്.

ആഗോള വിനോദ രംഗത്ത് റിയാദിന്റെ സ്ഥാനം ഉറപ്പിക്കുന്ന പുതിയ തുടക്കമാണ് റിയാദ് സീസൺ പരിപാടികൾ.

Tags:    
News Summary - Riyadh Season 2025 kicks off; Inaugural parade a historic event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.