റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയെ ആധുനിക ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന റിയാദ് മെട്രോ പദ്ധതിയിലെ നിർണായകമായ വെസ്റ്റേൺ സ്റ്റേഷൻ വെള്ളിയാഴ്ച മുതൽ യാത്രക്കാർക്കായി തുറന്നുകൊടുത്തു. പദ്ധതിയിലെ നാല് പ്രധാന ഐക്കണിക് സ്റ്റേഷനുകളിൽ അവസാനത്തേത് കൂടിയാണ് ഓറഞ്ച് ലൈനിലെ വെസ്റ്റേൺ സ്റ്റേഷൻ.
ഇത് പ്രവർത്തനമാരംഭിച്ചതോടെ മെട്രോ ശൃംഖലയിലെ പ്രധാന ഗതാഗത ഹബ്ബുകളുടെ നിർമാണം പൂർണമായിരിക്കുകയാണ്. റോയൽ കമീഷൻ ഫോർ റിയാദ് സിറ്റിയാണ് ഈ സുപ്രധാന വിവരം അറിയിച്ചത്. സൗദി വിഷൻ 2030-െൻറ ഭാഗമായി നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ഗതാഗതക്ഷമത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ബൃഹത്തായ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ നടപടി.
കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് (കാഫ്ഡ്), എസ്.ടി.സി ഒലയ, ഖസർ അൽ ഹുകം എന്നിവയാണ് മറ്റ് മൂന്ന് ഐക്കണിക് സ്റ്റേഷനുകൾ. ഇവയോടൊപ്പം വെസ്റ്റേൺ സ്റ്റേഷനും പ്രവർത്തനസജ്ജമായതോടെ റിയാദ് നഗരത്തിലെ പൊതുഗതാഗത രംഗം ആഗോള നിലവാരത്തിലേക്ക് ഉയരും.
പരിസ്ഥിതി സൗഹൃദ രൂപകൽപ്പനയ്ക്കും ഊർജ്ജക്ഷമതയ്ക്കും നൽകുന്ന അന്താരാഷ്ട്ര അംഗീകാരമായ ‘ലീഡ് ഗോൾഡ്’ സർട്ടിഫിക്കറ്റ് ലഭിച്ച ഈ സ്റ്റേഷൻ, രൂപകൽപ്പനയിലും വലിപ്പത്തിലും പദ്ധതിയിലെ ഏറ്റവും മികച്ച കേന്ദ്രങ്ങളിൽ ഒന്നാണ്. ഏകദേശം 1,12,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റേഷനിൽ യാത്രക്കാർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇതിൽ പ്രധാനമായും വാണിജ്യ സ്ഥാപനങ്ങൾക്കായുള്ള ഇടങ്ങൾ, മനോഹരമായ സെൻസറി ഗാർഡൻ, 550 പേർക്ക് ഒരേസമയം നമസ്കരിക്കാവുന്ന മസ്ജിദ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, 600-ലധികം വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.
ഗതാഗത ശേഷിയുടെ കാര്യത്തിലും വെസ്റ്റേൺ സ്റ്റേഷൻ മുൻപന്തിയിലാണ്. പ്രതിമണിക്കൂർ 60,000 മെട്രോ യാത്രക്കാരെയും 1,300 ബസ് യാത്രക്കാരെയും ഉൾക്കൊള്ളാൻ ശേഷിയുള്ള രീതിയിലാണ് ഇതിെൻറ നിർമാണം. നഗരത്തിലെ വിവിധ പ്രധാന മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയായി ഈ സ്റ്റേഷൻ പ്രവർത്തിക്കും.
റിയാദിലെ പൊതുഗതാഗത സേവനങ്ങൾ നഗരവാസികൾക്കിടയിൽ വൻ സ്വീകാര്യതയാണ് നേടുന്നത്. മെട്രോ സേവനം ആരംഭിച്ചത് മുതൽ ഇതുവരെ 23.2 കോടി യാത്രക്കാർ ഈ സംവിധാനം ഉപയോഗപ്പെടുത്തിയതായി റോയൽ കമീഷൻ വ്യക്തമാക്കി. നാല് പ്രധാന സ്റ്റേഷനുകളും പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ റിയാദ് നഗരത്തിെൻറ വികസന കുതിപ്പിന് വേഗത കൂടുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.