റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ പൊതുഗതാഗത സൗകര്യത്തിനുള്ള ഏറ്റവും വലിയ പദ്ധതിയായ റിയാദ് മെട്രോയിൽ അവശേഷിച്ചിരുന്ന സ്റ്റേഷൻ കൂടി തുറന്നു. ഓറഞ്ച് ലൈനിലാണ് പുതിയ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. ഹസൻ ബിൻ സാബിത് റോഡ് സ്റ്റേഷനാണ് വ്യാഴാഴ്ച മുതൽ പ്രവൃത്തിപഥത്തിലായത്.നഗരത്തിന്റെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും നീളമുള്ള മെട്രോ ലൈനാണ് ഓറഞ്ച്. പടിഞ്ഞാറ് ബദീഅയുടെ തലയ്ക്കൽ ജിദ്ദ-റോഡ് എക്സ്പ്രസ് വേയിൽനിന്ന് കിഴക്ക് ഖശം അല്‍ആന്‍ വയിലാണ് 40.7 കിലോമീറ്ററുള്ള ഈ മെട്രോ ലൈൻ. റിയാദ് മെട്രോയിലെ ഏറ്റവും അവസാനം പ്രവർത്തനം ആരംഭിച്ച ലൈനാണ് ഓറഞ്ച്.
നിരവധി സ്റ്റേഷനുകൾ പിന്നീട് ഘട്ടം ഘട്ടമായാണ് നിർമാണം പൂർത്തീകരിച്ച് തുറന്നത്. റെയില്‍വേ, ജരീര്‍ ഡിസ്ട്രിക്ട് എന്നീ സ്റ്റേഷനുകൾ രണ്ടര മാസം മുമ്പും മലസ്, അൽ റാജ്ഹി മസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്റ്റേഷനുകള്‍ ഒന്നരമാസം മുമ്പും തുറന്നിരുന്നു. അവശേഷിച്ച സ്റ്റേഷനാണ് ഇപ്പോൾ പ്രവർത്തനമാരംഭിച്ചത്.പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനും തലസ്ഥാനത്തെ താമസക്കാർക്കും സന്ദർശകർക്കും യാത്ര സുഗമമാക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്നതാണ് റിയാദ് മെട്രോയെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ടേഷൻ വ്യക്തമാക്കി. നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടെ 85 സ്റ്റേഷനുകളും ആറ് ലൈനുകളും ഉൾപ്പെടുന്നതാണ് പദ്ധതി. റിയാദ് മെട്രോയുടെ മൂന്നാമത്തെ ലൈനാണ് ഓറഞ്ച്. അവസാനം സർവിസ് ആരംഭിച്ച ഈ ലൈനിലെ മുഴുവൻ സ്റ്റേഷനുകളും തുറന്നതോടെ മെട്രോ പൂർണമായും പ്രവൃത്തിപഥത്തിലായി.
െട്രയിൻ കൂടാതെ ബസ് സർവിസും കിങ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം എന്ന പദ്ധതിക്ക് കീഴിലുണ്ട്. നഗരത്തിന്റെ മുക്കുമൂലകളെയും മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന 2,860 ബസ് സ്റ്റോപ്പുകളുള്ള 80 ബസ് റൂട്ടുകളും അവയിൽ 842 ബസുകൾ ദിനംപ്രതി നടത്തുന്ന സർവിസുകളും ഉള്‍പ്പെടുന്നു.2024 നവംബർ 27ന് സൽമാൻ രാജാവ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച മെട്രോയിൽ ഡിസംബര്‍ ഒന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.