റിയാദില്‍ നിന്ന് ദമ്മാമിലേക്ക് വരവെ വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ട്രെയിന്‍ അപകടത്തിന്‍റ ഞെട്ടലില്‍ നിന്ന്   ഇപ്പോഴും മോചിതനായിട്ടില്ല. കൈവിട്ടു പോകുമായിരുന്ന ജീവിതം തിരിച്ചുകിട്ടിയ ആ നിമിഷങ്ങള്‍....കണ്ണില്‍ ഇരിട്ടു കയറുകയും ഒരു നിമിഷത്തെക്ക് മൈന്‍ഡ് ഫുള്ളി ബ്ളാങ്ക് വുകയും ചെയ്ത അവസ്ഥ.  ഞങ്ങള്‍ സഞ്ചരിച്ച  ബോഗി ഭീകര  ശബ്ദത്തോടെ  ട്രാക്കില്‍ നിന്ന് തെറിച്ച് വീഴുന്നത്   അറിയുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്കിറങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രം മാറി മറിയുന്നത്. അതുവരെ കുട്ടികളുടെ കളി ചിരികളും യാത്രക്കാരുടെ വര്‍ത്തമാനങ്ങളും നിറഞ്ഞിരുന്ന ട്രെയിനില്‍ നിന്ന് പിന്നെ ഉയര്‍ന്നത് കൂട്ട നിലവിളിയായിരുന്നു. ഒരു നിമിഷം ഒന്നും ചെയ്യാനാവാതെ തരിച്ചു നിന്നു. അപകടത്തിന്‍റ്റ ആഘാതത്തില്‍ സീറ്റില്‍ നിന്ന് തെറിച്ചുവീണ കുട്ടികളെയും മറ്റും പിടിച്ച് എഴുന്നേല്‍പ്പിക്കുമ്പോഴും കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ട്രെയിനില്‍ നിന്ന് ചാടി പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു.

അഞ്ചു ബോഗികളുള്ള ട്രെയിന്‍ രണ്ടായി മുറിഞ്ഞിരിക്കുന്നു. രണ്ടു ബോഗി ഒരുഭാഗത്തും മൂന്ന് ബോഗി അല്‍പ്പം മാറിയും കിടക്കുന്നു. രാത്രിയുടെ ഇരുട്ടും തിമിര്‍ത്ത് പെയ്യുന്ന മഴയും ഞങ്ങളുടെ ഉള്ളിലെ ഭയം വര്‍ധിപ്പിച്ചു. ആറു ബോഗികളും പാളത്തില്‍ നിന്ന് തെന്നി മാറിയിട്ടുണ്ട്. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ബോഗിയോട് ചേര്‍ന്ന എന്‍ജിന്‍ ബോഗി പൂര്‍ണ്ണമായും മറിഞ്ഞു.   അതിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന് ഇരുട്ടും മഴയും പല തവണ തടസം നിന്നു. എമര്‍ജന്‍സി ഡോര്‍ കുത്തി തുറന്ന് അതിനുളിലൂടെയാണ് മറിഞ്ഞ ബോഗിയിലെ യാത്രക്കാരെ ഞങ്ങള്‍ പുറത്തെടുത്തത്.


ഈ ദിവസം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഞാനുള്‍പ്പെടെയുള്ള ഭൂരിപക്ഷ യാത്രക്കാരും ഒരു മുറിവ് പോലുമേല്‍ക്കാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.കുട്ടികളുടെയും സ്ത്രീകളുടെയും കരച്ചില്‍ ഇപ്പോഴും  കാതില്‍ മുഴങ്ങുന്നുണ്ട്. ആടുജീവിതത്തിന്‍െറ ആമുഖത്തില്‍ ബെന്യാമിന്‍ കുറിച്ചിട്ട വാക്കുകളാണ്   ഓര്‍മ വരുന്നത്.. " നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്." ശരിയാണ് കുറെ അപകടങ്ങളും ദുരന്തങ്ങളും വായിക്കുകയും, കേള്‍ക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയിതിട്ടുണ്ട് . ഇതേ ട്രാക്കില്‍ 2012ല്‍ നടന്ന സമാനമായ ട്രെയിന്‍ അപകടം അന്ന് ഞാന്‍ റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്. അതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതോടൊപ്പംതന്നെ മറക്കുകയുക ചെയ്തിരുന്നു. എന്നാല്‍ ഒരു ദിവസം കഴിഞ്ഞിട്ടും ആ ഷോക്കില്‍ നിന്ന് ഞാന്‍ പൂര്‍ണമായും മുക്തനായിട്ടില്ല.

Tags:    
News Summary - Riyadh-Dammam trains halted until February 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.