റിഫ ഫുട്ബാളിൽ ക്വാർട്ടറിൽ പ്രവേശിച്ച യൂത്ത് ഇന്ത്യ സോക്കർ ടീം
റിയാദ്: തൻമിയ ട്രോഫിക്ക് വേണ്ടി റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സംഘടിപ്പിക്കുന്ന 'റിഫ മെഗാകപ്പ് 2022' സീസൺ രണ്ട് മത്സരത്തിന്റെ രണ്ടാംദിവസം ഗോൾ വർഷത്തോടെയാണ് ആരംഭിച്ചത്.
യൂത്ത് ഇന്ത്യ സോക്കർ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്ക് ഷൂട്ടേഴ്‌സ് കേരളയെ നിഷ്പ്രഭരാക്കി. പി.പി. ഫാസിൽ ഹാട്രിക്കും ഫാഹിസ് റഹ്മാൻ, സുഹൈർ എന്നിവർ രണ്ട് ഗോൾ വീതവും നേടി. ഓരോ ഗോളടിച്ചു ഹനീഫയും മുഹ്‌സിനും ആ പട്ടിക പൂർത്തിയാക്കി. പി.പി. ഫാസിലിനായിരുന്നു കിങ് ഓഫ് ദി മാച്ച് പുരസ്‌കാരം.
ഐ.എഫ്.എഫ് ഫുട്ബാൾ ക്ലബ്ബും സ്മാർട്ട് വേ എഫ്.സിയും തമ്മിൽ നടന്ന രണ്ടാമത് മത്സരത്തിൽ ഐ.എഫ്.എഫ് ഒന്നിനെതിരെ രണ്ടിന് വിജയിച്ചു. പ്രവാസി എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി റോയൽ ബ്രദേഴ്‌സ് കാളികാവ് മുന്നോട്ടുള്ള യാത്ര സുഗമമാക്കി. മത്സരത്തിലും പെനാൽറ്റി ഷൂട്ടൗട്ടിലും സമനില നേടിയതിനെ തുടർന്ന് റിയൽ കേരളക്കെതിരെ ടോസിലൂടെ ഭാഗ്യം ലഭിച്ച അറേബ്യൻ ചാലഞ്ചേഴ്‌സും ഗ്രൂപ് സി-യിൽ നിന്ന് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.
ഗ്രൂപ് ഡി-യിലെ എട്ട് ടീമുകൾ കൂടി മാറ്റുരച്ച കളിയാവേശം രാവേറെ നീണ്ടു. ലാന്റേൺ എഫ്.സിയും റിയാദ് ബ്ലാസ്റ്റേഴ്‌സ് എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ സഫൂർ നേടിയ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. ഹരാജ് ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കേരള ഇലവൻ തകർത്തത്.
അഖിൽ രണ്ട് ഗോളുകൾ സ്‌കോർ ചെയ്തു. യൂത്ത് ഇന്ത്യ ഇലവന്റെ ഒരു ഗോളിനെതിരെ സുഹൈലിലൂടെ രണ്ടു ഗോളുകൾ നേടി ടൈഗർ എഫ്.സി ക്വാർട്ടർ ഉറപ്പാക്കി.
ഏകപക്ഷീയമായ ഒരു ഗോളിന് മാർക്ക് എഫ്.സിക്കെതിരെ അസീസിയ്യ സോക്കറും ആധിപത്യമുറപ്പിച്ചു.രണ്ടുദിവസത്തെ മത്സരങ്ങളിൽ വിജയിച്ച 16 ടീമുകൾ ക്വാർട്ടർ മത്സരങ്ങളിൽ വ്യാഴാഴ്ച ഏറ്റുമുട്ടും. രണ്ടാം റൗണ്ട് മത്സരങ്ങൾ കൂടുതൽ ശക്തി പ്രാപിക്കും. കളിയുടെ പുതിയ കരുനീക്കങ്ങളും പ്രതിരോധത്തിനും മുന്നേറ്റത്തിനും കരുത്തു പകരുന്ന പുനർവിന്യാസവുമായിട്ടാവും ടീമുകൾ എത്തുക. വെള്ളിയാഴ്ചയാണ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ. റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്‌കാൻ സ്റ്റേഡിയത്തിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.