ശസ്ത്രക്രിയ സംഘം
റിയാദ്: സൗദി അറേബ്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള രണ്ട് സൈനിക ആശുപത്രികളെ തമ്മിൽ ബന്ധിപ്പിച്ച് ഡോക്ടർമാർ വിജയകരമായി വിദൂര റോബോട്ടിക് ശസ്ത്രക്രിയ നടത്തി. ഡോക്ടർമാർ രോഗിയുടെ അടുത്തില്ലാതെ, സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൂരത്തിരുന്ന് ശസ്ത്രക്രിയ നടത്തുന്ന രീതിയാണിത്. പ്രതിരോധ മന്ത്രാലയത്തിെൻറ ആരോഗ്യ സേവന ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. രോഗിയുടെ വലതു വൃക്കയിലെ മൂത്രവാഹിനിയിലാണ് ഈ റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പൂർണ്ണമായും വിജയകരമായിരുന്നു. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.
റിയാദിലെ പ്രിൻസ് സുൽത്താൻ മിലിറ്ററി മെഡിക്കൽ സിറ്റിയും ദഹ്റാനിലെ കിങ് ഫഹദ് മിലിറ്ററി മെഡിക്കൽ കോംപ്ലക്സും തമ്മിൽ അതിവേഗ ഇന്റർനെറ്റ് അഥവാ ഡിജിറ്റൽ നെറ്റ്‌വർക്ക് വഴി ബന്ധിപ്പിച്ചാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഒരു ആശുപത്രിയിലിരുന്ന് സർജൻ കമ്പ്യൂട്ടർ വഴി റോബോട്ടിനെ കൃത്യമായി നിയന്ത്രിച്ചപ്പോൾ, രോഗിയുള്ള മറ്റ് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിലുണ്ടായിരുന്ന ഡോക്ടർമാരും നേഴ്‌സുമാരും ആവശ്യമായ മറ്റ് സഹായങ്ങൾ നൽകി.
ഭാവിയിൽ രാജ്യത്തിെൻറ ഏത് വിദൂര പ്രദേശങ്ങളിലുള്ളവർക്കും മികച്ച മെഡിക്കൽ സേവനങ്ങൾ എളുപ്പത്തിൽ എത്തിക്കാൻ ഇത് വഴിയൊരുക്കും. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അനുമതിയോടെയാണ് റോബോട്ടിക് സംവിധാനം ശസ്ത്രക്രിയക്കായി ഉപയോഗിച്ചത്. സൗദി വിഷൻ 2030-െൻറ ഭാഗമായി ആരോഗ്യ മേഖലയിൽ കൊണ്ടുവരുന്ന ഡിജിറ്റൽ മാറ്റങ്ങളുടെ വലിയൊരു ഉദാഹരണമാണ് ഈ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.