96-ാമത് സൗദി ദേശീയ ദിനം; ‘ഇത്റ’യിൽ വിപുലമായ ആഘോഷം, സാംസ്കാരിക പരിപാടികൾ ചൊവ്വാഴ്ച മുതൽ

ദമ്മാം: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചർ (ഇത്റ) വിപുലമായ സാംസ്കാരിക പരിപാടികൾ ഒരുക്കുന്നു. സൗദി അരാംകോയുടെ പ്രമുഖ സാംസ്കാരിക സംരംഭമായ ‘ഇത്റ’യിൽ സെപ്റ്റംബർ 22 മുതൽ 26 വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന ആഘോഷങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

രാജ്യത്തിെൻറ ഉത്ഭവ ചരിത്രവും പാരമ്പര്യവും ഭാവി ലക്ഷ്യങ്ങളും പ്രതിഫലിപ്പിക്കുന്ന അർത്ഥവത്തായ സാംസ്കാരിക-സർഗാത്മക അനുഭവങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

‘ജനങ്ങളിലൂടെയുള്ള മഹത്വം’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ നടക്കുന്നത്. പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന സംസ്കാരത്തിെൻറ പരിണാമം വിളിച്ചോതുന്ന ആഘോഷങ്ങൾക്ക് ഗാംഭീര്യമാർന്ന സൈനിക പരേഡോടെ തുടക്കമാകും. സന്ദർശകർക്കായി ആകർഷകങ്ങളായ 36-ഓളം പരിപാടികളാണ് കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ തനതായ വാസ്തുവിദ്യാ ശൈലികൾ പരിചയപ്പെടുത്തുന്ന ‘ഇൻസ്പയർഡ് ബൈ അവർ റൂട്ട്സ്’ എന്ന വർക്ക്‌ഷോപ്പ്, അറബിക് കാലിഗ്രാഫിയുടെ സൗന്ദര്യം അടുത്തറിയാൻ അവസരമൊരുക്കുന്ന ‘സൗദി കാലിഗ്രാഫി ആർട്ട്’ സെഷനുകൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. സൈനിക ചടങ്ങുകളിലെ ചലനങ്ങളെ ഡിജിറ്റൽ കലാരൂപങ്ങളാക്കി മാറ്റുന്ന സാങ്കേതിക വിദ്യാധിഷ്ഠിത പരിപാടിയായ ‘പ്രൈഡ് സല്യൂട്ട്’ ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. പരമ്പരാഗത സൗദി സംഗീതോപകരണങ്ങളെ ആധുനിക ഇലക്ട്രോണിക് ശബ്ദങ്ങളുമായി കൂട്ടിയിണക്കി നൂതന സംഗീതാനുഭവം നൽകുന്ന ‘ഹു ലീഡ്സ് ദി റിഥം’ എന്ന പരീക്ഷണാത്മക സംഗീത പരിപാടിയും അരങ്ങേറും.

‘സൗദി വിഷൻ 2030’-ലൂടെ രാജ്യം കൈവരിച്ച പരിവർത്തനങ്ങളെ അടയാളപ്പെടുത്തുന്ന ‘ദി ഡെസ്റ്റിനേഷൻ’ എന്ന ഡോക്യുമെൻററിയും, ‘മർജൂജ്’, ‘ഇർതിസാസ്’ തുടങ്ങിയ പുതിയ പരീക്ഷണ ചിത്രങ്ങൾ അടങ്ങുന്ന സൗദി ചലച്ചിത്രങ്ങളുടെ പ്രത്യേക പ്രദർശനവും ഇതോടൊപ്പം ഉണ്ടാകും. ഇത്റ മ്യൂസിയത്തിൽ ‘ബിദായത്ത്: ദി ബിഗിനിങ് ഓഫ് ദി സൗദി ആർട്ട് മൂവ്‌മെൻറ്’ എന്ന പേരിൽ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. 1960 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്തെ കലാമേഖലയിലുണ്ടായ വളർച്ചയും മാറ്റങ്ങളും ചരിത്രപ്രധാനമായ രേഖകളിലൂടെയും ആദ്യകാല പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികളിലൂടെയും ഇവിടെ പരിചയപ്പെടുത്തുന്നു.

‘ലഷ് ഗാർഡനി’ൽ നടക്കുന്ന ഓപ്പൺ-എയർ സംഗീത പരിപാടിയിൽ പരമ്പരാഗത നാടോടി സംഗീത സംഘങ്ങളുടെ തത്സമയ പ്രകടനങ്ങൾ നടക്കും. ത്വാഇഫിലെ ‘മജ്‌റൂർ’, ‘ഖബിതി’, തെക്കൻ മേഖലയിലെ ‘ഖത്‌വ’, ബീഷയിലെ ‘റായേ’ എന്നീ പ്രാദേശിക നൃത്തങ്ങൾക്കൊപ്പം പരമ്പരാഗത നൃത്തമായ ‘അർദ’, കാവ്യാത്മകമായ ‘സാംരി’ എന്നിവയും അരങ്ങേറും.

Tags:    
News Summary - Ithra to Host Grand Cultural Events for Saudi 96th National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.