ജിദ്ദയിൽ നടക്കുന്ന അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് 2025 ഇലവൻസ് ഫുട്ബാൾ ടൂർണമെന്റിൽനിന്ന്
ജിദ്ദ: ബ്ലൂസ്റ്റാർ ക്ലബിന്റെ നേതൃത്വത്തിൽ ജിദ്ദ ഖാലിദ് ബിൻ വലീദ് അൽ റുസൂഫ് സ്റ്റേഡിയത്തിൽ നടന്നു വരുന്ന ആറാമത് അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് 2025 ഇലവൻസ് ഫുട്ബാൾ ടൂർണമെന്റിലെ രണ്ടാം ദിവസമായ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ സൂപ്പർ ലീഗിൽ റിയൽ കേരളക്കും, വെറ്ററൻസ് വിഭാഗത്തിൽ അബീർ ഫ്രൈഡേ എഫ്.സി ക്കും, ബി ഡിവിഷനിൽ അറബ് ഡ്രീംസ് എ.സി. സി. ബി ക്കും ജയം. ബി ഡിവിഷനിലെ സൈക്ലോൺ മൊബൈൽ ആക്സസ്സറീസ് ഐ ടി സോക്കർ, അൽ ഗുർണി പ്ലാസ്റ്റിക് റെഡ് സീ ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ അവസാനിച്ചു.
വെറ്ററൻസ് വിഭാഗം മത്സരത്തിൽ നൗഷാദ്, സനൂപ് എന്നിവർ നേടിയ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് അബീർ ഫ്രൈഡേ എഫ്.സി, ലക്കി ദർബാർ ഹിലാൽ എഫ്.സിയെ പരാജയപ്പെടുത്തി. ഫ്രൈഡേ എഫ്.സിയുടെ സനൂപിനെ മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ അറബ് ഡ്രീംസ് എ.സി.സി ബി ടീം ഷാനിദ് നേടിയ ഏക ഗോളിന് റീം യാസ് എഫ്.സിയെ പരാജയപ്പെടുത്തി. എ.സി.സി.ബി യുടെ ആസിഫിനെ മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
ഇരു ടീമുകളും ഓരോ ഗോൾ നേടിക്കൊണ്ട് സമനിലയിൽ അവസാനിച്ച ബി ഡിവിഷനിലെ രണ്ടാം മത്സരത്തിൽ മുഹമ്മദ് നവാസ് റെഡ് സീ ബ്ലാസ്റ്റേഴ്സിസിനു വേണ്ടിയും മുഹമ്മദ് സിനാൻ ഐ.ടി സോക്കർ എഫ്.സിയുടെയും ഗോളുകൾ സ്കോർ ചെയ്തു. അൽ ഗുർണി പ്ലാസ്റ്റിക് റെഡ് സീ ബ്ലാസ്റ്റേഴ്സിന്റെ മുഹമ്മദ് ഫവാസ് ആണ് മത്സരത്തിലെ മികച്ച കളിക്കാരൻ. നാട്ടിൽ നിന്നെത്തിയ ആറോളം സന്തോഷ് ട്രോഫി, ഐ ലീഗ്, ഐ.എസ്.എൽ താരങ്ങൾ ഇരു ടീമുകളിലുമായി അണിനിരന്ന എ ഡിവിഷൻ സൂപ്പർ ലീഗിലെ ക്ലാസിക് പോരാട്ടത്തിൽ റീം റിയൽ കേരള എഫ്.സി ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് എൻകംഫർട് എ.സി.സി എ ടീമിനെ പരാജയപ്പെടുത്തി. . ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ രണ്ടാം പകുതിയിൽ എ.സി.സിക്ക് വേണ്ടി മുഹമ്മദ് അജ്സൽ, ആഷിക് എന്നിവർ ഗോളുകൾ നേടി. എ.സി.സി ടീമിലെ നൗഫൽ മത്സരത്തിലെ മികച്ച കളിക്കാരനുള്ള വിജയ് മസാല മാൻ ഓഫ് ദി മാച്ച് അവാർഡിനും ഷീര ലാത്തീൻ പുരസ്കാരത്തിനും അർഹനായി.
മുൻ ടൈറ്റാനിയം താരം സഹീർ പുത്തൻ, സിഫ് സീനിയർ വൈസ് പ്രസിഡന്റ് സലിം മമ്പാട്, റീഗൾ മുജീബ്, എൻകംഫർട് ലത്തീഫ് എന്നിവർ മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ച് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. കാണികൾക്കായി ഒരുക്കിയ സമ്മാനക്കൂപ്പണിലെ വിജയികൾക്കുള്ള എൽ.ഇ.ഡി ടെലിവിഷൻ സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, ജനറൽ സെക്രട്ടറി നിസാം മമ്പാട് എന്നിവർ വിജയികൾക്ക് സമ്മാനിച്ചു. ടൂർണമെന്റിന്റെ മൂന്നാം ദിവസമായ അടുത്ത വെള്ളിയാഴ്ച്ച നാലു മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ വൈകീട്ട് ഏഴു മണിക്ക് വെറ്ററൻസ് വിഭാഗത്തിൽ സമാ ഫുട്ബാൾ ലവേഴ്സ് എഫ്.സി അനാലിറ്റിക്സ് ബ്ലാസ്റ്റേഴ്സ് എഫ്.സിയുമായി ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ ബി ഡിവിഷനിൽ റീംസ് എഫ്.സി, അബീർ എക്സ്പ്രസ്സ് ബ്ലൂസ്റ്റാർ എഫ്.സിയുമായും, വെൽ കണക്ട് ട്രേഡിങ്ങ് ഫ്രണ്ട്സ് ജിദ്ദ, അൽ ഗർണി പ്ലാസ്റ്റിക് റെഡ് സീ ബ്ലാസ്റ്റേഴ്സുമായും ഏറ്റുമുട്ടും. നാലാം മത്സരത്തിൽ സൂപ്പർ ലീഗിൽ എൻകംഫർട് എ.സി.സി എ ടീം, അബീർ എക്സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ്.സിയുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.