മസ്ജിദുന്നബവിയും മദീന നഗരവും
മദീന: കഴിഞ്ഞ മൂന്നുവർഷത്തിനിടെ മദീന മസ്ജിദുന്നബവിയിലെ സന്ദർശകരുടെ എണ്ണത്തിൽ റെക്കോഡ് വർധന. മദീന മേഖല വികസന അതോറിറ്റി പുറത്തുവിട്ട സ്ഥിതിവിവര കണക്കുകൾ പ്രകാരം ഗണ്യമായ വർധനവാണ് ഉണ്ടായത്, 18.7 ശതമാനം വർധന. കഴിഞ്ഞ വർഷം മാത്രം 1.8 കോടി സന്ദർശകർ മദീനയിലെത്തി. 2023ൽ ഇത് 1.41 കോടിയും 2022ൽ 82 ലക്ഷവും ആയിരുന്നു.
മദീന ചേംബർ ഓഫ് കോമേഴ്സിന്റെ റിപ്പോർട്ടനുസരിച്ച് മീദന നഗരത്തിലാകെ താമസ സൗകര്യം, ട്രാവൽ ഏജൻസികൾ, ടൂർ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് മുൻ വർഷത്തെ അപേക്ഷിച്ച് 2024ൽ 18 ശതമാനം വ്യാപാര വളർച്ചയുണ്ടായി. താമസം, ഗതാഗതം, ഷോപ്പിങ്, മറ്റ് സേവനങ്ങൾ എന്നിവക്കായി സന്ദർശകർ ചെലവഴിച്ചത് വലിയ തുകയാണ്. ഇത് സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിലും മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) വർധിപ്പിക്കുന്നതിലും ടൂറിസവുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സുസ്ഥിര സാമ്പത്തിക വൈവിധ്യവത്കരണത്തിന് സംഭാവന നൽകുന്നതിലും വലിയ പങ്കുവഹിച്ചു.
ലോകത്തെമ്പാടും നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന 400-ലേറെ മതപരവും ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങളോ നിർമിതികളോ മദീനയിലുണ്ട്. പ്രവാചകന്റെ പള്ളി, പ്രധാന ചരിത്ര പള്ളികൾ, വിവിധ മ്യൂസിയങ്ങളും പ്രദർശന കേന്ദ്രങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങൾ, താഴ്വരകൾ, ചരിത്ര പ്രാധാന്യമുള്ള കിണറുകൾ, പുരാവസ്തു സ്ഥലങ്ങൾ, പൈതൃക ശേഷിപ്പുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഹജ്ജിനും ഉംറക്കും എത്തുന്ന തീർഥാടകർ മദീനയും സന്ദർശിക്കുന്നു. ഓരോ സന്ദർശകരും 10 ദിവസം വരെയെങ്കിലും മദീനയിൽ താമസിക്കുന്നു. തീർഥാടകർ കൂടുതൽ സമയം മദീനയിൽ ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നതായി ടൂറിസം അതോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.