സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ റീഎൻട്രി വിസ മൂന്ന് മാസം സൗജന്യമായി പുതുക്കും

ജിദ്ദ: സൗദി അറേബ്യയിൽനിന്ന്​ അവധിയിലും മറ്റും പുറത്തുപോയി കോവിഡ് പ്രതിസന്ധി കാരണം തിരിച്ചുവരാന്‍ സാധിക്കാതെ സ്വദേശങ്ങളിൽ കഴിയുന്നവരുടെ റീഎൻട്രി വിസ മൂന്ന് മാസം സൗജന്യമായി സ്വമേധയാ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗമായ ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. നിലവിൽ നാട്ടിലുള്ളവർക്ക് ഈ ആനുകൂല്യം ലഭിച്ച്​ തുടങ്ങിയിട്ടുണ്ട്. 

ഇതിനായി പ്രത്യേകം ഫീ അടക്കണം, സേവനം അബഷീർ വഴി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും, റീ എന്‍ട്രിയുടെ കാലാവധി അവസാനിച്ച് 60 ദിവസം പൂര്‍ത്തിയാകാൻ പാടില്ല തുടങ്ങിയ രീതിയിൽ നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച ഇതുസംബന്ധിച്ച് ജവാസത്ത് ഡയറക്ടറേറ്റിൽനിന്ന്​ വ്യക്തമായ വിവരം പുറത്തുവന്നിട്ടുണ്ട്. 

റീഎൻട്രി വിസ പുതുക്കുന്നതിന് പ്രത്യേക ഫീ അടക്കുകയോ അബ്ഷീർ വഴി അപേക്ഷിക്കുകയോ വേണ്ടതില്ലെന്നും കോവിഡ് കരണമുണ്ടായ യാത്രാനിരോധനം മുതൽ കാലാവധി അവസാനിച്ച മുഴുവൻ റീഎൻട്രി വിസകളും മൂന്ന് മാസം വരെ സ്വമേധയാ പുതുക്കി ലഭിക്കുമെന്നുമാണ് ജവാസത്ത് ഡയറക്ടറേറ്റി​​െൻറ പുതിയ അറിയിപ്പിൽ പറയുന്നത്. വിദേശത്തുള്ളവരുടെ കാലാവധി കഴിഞ്ഞ ഇഖാമയും പുതുക്കി നല്‍കുമെന്ന് ജവാസാത്ത് നേരത്തെ അറിയിച്ചിരുന്നു. സൗദിയിലുള്ളവരുടെ ഇഖാമ കാലാവധിയും കോവിഡ് കാല ആനുകൂല്യമായി മൂന്നു മാസം പുതുക്കി നല്‍കിവരുന്നുണ്ട്.

Tags:    
News Summary - re entry visa will extend for three months without fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.