റിയാദ്: റിയാദ് ക്രിക്കറ്റ് അസോസിയേഷൻ (ആർ.സി.എ) ടൂർണമെൻറിൽ ആദ്യമായി ഇന്ത്യയുടെ അഭിമാനമുയർത്തി മലയാളി ഡബിൾ സെഞ്ച്വറി നേടി. ഇൗ സീസണിലെ പ്രഥമ ടൂർണ്ണമെൻറയ ‘അമേക്സ് ടി 20’ ഹയർ ക്രിക്കറ്റ് ലീഗിലെ ഡി ഗ്രൂപ്പിലാണ് മലയാളി ടീമായ ടി.ബി.സി.സിയുടെ ക്യാപ്റ്റൻ ഫൈസൽ മൊഗ്രാൽ 72 പന്തിൽ 201 റൺസെടുത്തത്. കളിയിൽ പാകിസ്താൻ കാശ്മീർ ക്രിക്കറ്റ് ക്ലബ് ടി.ബി.സി.സിയോട് പരാജയമേറ്റുവാങ്ങി. അഞ്ച് ടീമുകളാണ് ഇൗ ഗ്രൂപ്പിൽ മത്സരിക്കുന്നത്. അവസാന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടി.ബി.സി.സി 20 ഓവറിൽ രണ്ട് വിക്കറ്റിൽ 287 റൺസെടുത്തു. ഗ്രൂപ് മത്സരങ്ങളിൽ നാലിൽ മൂന്നും ജയിച്ച ടി.ബി.സി.സി ക്വാർട്ടർ ഫൈനലിൽ കടന്നു. ഇൗ മത്സരത്തിൽ ഫൈസൽ ആദ്യ സെഞ്ച്വറി തികച്ചത് 34 പന്തിലാണ്. 67ാമത്തെ പന്ത് അതിർത്തി കടത്തി ഡബിളും തികച്ചു. മൊത്തം എട്ട് സിക്സറും 30 ഫോറും നേടി ഫൈസൽ കളിയിൽ ഉടനീളം നല്ല ഫോമിലായിരുന്നു. കഴിഞ്ഞ സീസണിൽ ഫൈസൽ രണ്ട് സെഞ്ച്വറി നേടിയിരുന്നു. നാല് മത്സരങ്ങളിലായി 129 പന്തിൽ ആകെ 295 റൺസെടുത്ത് റൺ റേറ്റിൽ മുകളിലുമായി. ഫൈസൽ മൊഗ്രാൽ ക്യാപ്റ്റനായ ഇൗ ടീമിലെ മറ്റംഗങ്ങൾ ഷമീം ചാലിൽ (വൈ. ക്യാപ്റ്റൻ), ശരീഫ് കൈന്താർ, ഷേർഷാദ് അലി, ആഷിക് അലി, അബ്ദുസ്സലാം, ആസിഫ് കല്ലട്ര, ഖാദർ ആലമ്പാടി വീറ്റസ്, ജസീം സുലൈമാൻ, ഇബ്രാഹിം റബി (വിക്കറ്റ് കീപ്പർ) എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.