1. കോവിഡ് രൂക്ഷമായ കാലത്തെ കഅ്ബയുടെ ദൃശ്യം. 2. അതേസ്ഥലത്ത് വെള്ളിയാഴ്ച നടന്ന ഈ വർഷത്തെ ആദ്യ തറാവീഹ് നമസ്കാരം
യാംബു: വിശ്വാസികളുടെ വസന്തകാലമായ പരിശുദ്ധ റമദാൻ കോവിഡ് ഭീതിക്കു ശേഷം എത്തിയപ്പോൾ വർധിച്ച ആവേശത്തോടെയാണ് വിശ്വാസികൾ നെഞ്ചേറ്റിയത്. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നതിനാൽ റമദാൻ ദിനരാത്രങ്ങൾ പ്രാർഥനകൾകൊണ്ട് നിറക്കുകയാണ് വിശ്വാസികൾ.
എല്ലാ ചര്യകളും ആരാധനാനുഷ്ഠാനങ്ങളും പൂർണതയോടെ പാലിക്കാനും ദൈവപ്രീതി കരഗതമാക്കാനുമുള്ള പ്രതിജ്ഞയിലാണ് വിശ്വാസികൾ. രണ്ടു വർഷം മുമ്പ് കോവിഡ് പ്രതിസന്ധിയിൽ ലോക് ഡൗണിനു കീഴിൽ റമദാൻ ആചരിക്കാൻ വിശ്വാസികൾ നിർബന്ധിതമായിരുന്നു. മക്കയിലും മദീനയിലും സന്ദർശിക്കുന്നതിനും സമൂഹ നോമ്പുതുറ നടത്തുന്നതിനുമൊക്കെ വലിയ നിയന്ത്രണമുണ്ടായിരുന്നു.
എന്നാൽ, ഈ വർഷത്തെ റമദാൻ വന്നപ്പോൾ സാമൂഹിക അകലം പാലിക്കൽ, യാത്രാനിയന്ത്രണം എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ ഇളവ് വരുത്തിയതാണ് വിശ്വാസികൾക്ക് ഏറെ സന്തോഷമുളവാക്കിയത്. 2019ന് ശേഷം പതിവുപോലുള്ള റമദാൻ ആചരിക്കാനുള്ള സ്വാതന്ത്യ്രം നൽകിയിരിക്കുകയാണിപ്പോൾ. 2019 ജൂൺ മൂന്നിന് മക്കയിലും മദീനയിലുമുള്ള ഇരു ഹറം പള്ളികളിൽ തറാവീഹ് (രാത്രി നമസ്കാരം) നമസ്കരിക്കാൻ ഒത്തുകൂടിയ വിശ്വാസികൾ അടുത്ത രണ്ടു വർഷവും പ്രതിസന്ധിയുടെ വർഷങ്ങളാണെന്ന് ഓർത്തിരുന്നില്ല. 2020 മാർച്ച് 11 ലോകാരോഗ്യ സംഘടന കോവിഡ് മഹാമാരിക്കാലം ആഗോള പ്രതിസന്ധിയായി പ്രഖ്യാപിച്ചു. ലോകരാഷ്ട്രങ്ങൾ യാത്രക്കും സാമൂഹിക ഇടപെടലിനും കർശന നിയന്ത്രണം വരുത്തി. ഇതേവർഷം മാർച്ച് രണ്ടിനാണ് സൗദിയിൽ ആദ്യ മായി കോവിഡ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. പിന്നീട് സൗദിയിലും മറ്റു പല രാജ്യങ്ങളിലേതുപോലെ മഹാമാരി അതിവേഗം വ്യാപിക്കാൻ തുടങ്ങി.
2020 മാർച്ച് ആറിന് മക്കയിലെ കഅ്ബയുടെ ചുറ്റുമുള്ള ശൂന്യമായ പ്രദേശത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത് വിശ്വാസികൾക്ക് ഏറെ വ്യാകുലത ഉണ്ടാക്കിയിരുന്നു.
സാധാരണ കഅ്ബയുടെ ചുറ്റും വെള്ളവസ്ത്രം ധരിച്ച ആരാധകർ അണമുറിയാതെ വലയംചെയ്യുന്ന അവസ്ഥയാണുണ്ടാകുക. കോവിഡ് മഹാമാരിക്കാലത്ത് കുറച്ച് സുരക്ഷ ഗാർഡുകൾ ഒഴിച്ച് പൂർണമായും വിജനമായ കഅ്ബയുടെ പ്രദക്ഷിണ സ്ഥലം കാണേണ്ടി വന്ന അവസ്ഥ വിശ്വാസികൾക്ക് ഇന്നും തപ്ത സ്മരണയായി നിലനിൽക്കുന്നു.
കോവിഡിനെയും മറികടന്ന് എത്തിയ നോമ്പുകാലത്തെ പരമാവധി പ്രയോജനപ്പെടുത്തിയാണ് സൗദിയിലുള്ള സ്വദേശികളും വിദേശികളുമായ വിശ്വാസികൾ മുന്നേറുന്നത്. റമദാനിൽ ഉംറ ചെയ്യാൻ പലരും ഇതിനകം ബുക്ക് ചെയ്തു.
മദീനയിലെ മസ്ജിദുന്നബവി സന്ദർശിക്കാനും പ്രാർഥനയിൽ പങ്ക് കൊള്ളാനും വിശ്വാസികൾ അവരുടെ റമദാൻ നാളുകളിലെ ദിനങ്ങൾ ആസൂത്രണം ചെയ്തുവരുന്നു. വ്രതകാലത്തിന്റെ നിർവൃതി പരമാവധി പ്രയോജനപ്പെടുത്തിയാണ് വിശ്വാസികളെങ്ങും മുന്നേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.