ജിദ്ദ: കോവിഡിനെതിരായ മുൻകരുതൽ നടപടികൾക്കും സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിനുമിടയിൽ മക്ക ഹറമിൽ റമദാനിലെ ആദ്യ തറാവീഹ് നമസ്കാരം നടന്നു. നമസ്കാരത്തിന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി.
സാധാരണ റമദാനിലേക്കാൾ റക്അത്തുകളെ എണ്ണം പകുതിയായി കുറച്ചിരുന്നു. ‘ഖുനൂത്തിൽ’ കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷതേടി പ്രത്യേകം പ്രാർഥന നടത്തി. ഹറം ജീവനക്കാരും തൊഴിലാളികളുമടക്കം വളരെ കുറഞ്ഞാളുകളാണ് തറാവീഹ് നമസ്കാരത്തിൽ പങ്കെടുത്തത്.
സുരക്ഷ ഉദ്യോഗസ്ഥരും ആരോഗ്യ ജീവനക്കാരും ചേർന്ന് ഹറം കാര്യാലയം നമസ്കരിക്കാനെത്തുന്നവരുടെ ആരോഗ്യ സുരക്ഷക്ക് വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ നടപടിയായാണ് ഇത്തവണ തറാവീഹ് നമസ്കാരത്തിന് ഇരുഹറമുകളിലേക്ക് പുറത്ത് നിന്ന് ആളുകളെത്തുന്നത് തടഞ്ഞത്.
നിർബന്ധ നമസ്കാരങ്ങൾക്ക് ഹറമിലേക്ക് പുറത്തു നിന്ന് ആളുകൾ എത്തുന്നതിന് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.