അസീർ പ്രവിശ്യയിലെ അൽതുവൈല മേഖലയിൽനിന്നുള്ള മേഘാവൃതമായ കാഴ്ച
യാംബു: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും മഴയും ആലിപ്പഴ വർഷവും ശീതക്കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് പല ഭാഗങ്ങളിലും ശൈത്യം കടുക്കും. വെള്ളി, ശനി ദിവസങ്ങളിൽ മക്ക, ജിദ്ദ, റാബിഖ്, ത്വാഇഫ്, ജമൂം, അൽ കാമിൽ, ബഹ്‌റ, ഖുലൈസ്, അൽ ലൈത്ത്, ഖുൻഫുദ, അൽ അർദിയാത്, അദം, അൽബാഹ, അസീർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത തോതിൽ തന്നെ മഴയുണ്ടാവും. മദീന പ്രവിശ്യയിലെ അൽ മഹ്ദ്, വാദി അൽ ഫറ, അൽ ഖസീം പ്രവിശ്യയിലെ ബുറൈദ, ഉനൈസ, അൽ റാസ് പ്രദേശങ്ങളിലും ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കുന്നു.
റിയാദ് പ്രവിശ്യയിലെ അൽ ഖർജ്, മുസഹ്മിയ, അൽഖുവയ്യ, മജ്മഅ, സുൽഫി, ശഖ്റ, റൂമ, ദവാദ്മി, അഫീഫ്, അഫ്‌ലാജ്, വാദി ദവാസിർ പ്രദേശങ്ങളിലും നല്ല മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ദമ്മാം, ദഹ്‌റാൻ, അൽ ഖോബാർ, അബ്ഖൈഖ്, അൽ അഹ്‌സ, അൽ ഖത്വീഫ് എന്നിവയുൾപ്പെടെ കിഴക്കൻ പ്രവിശ്യയിൽ മിതമായ മഴക്കാണ് സാധ്യത. ഫറസാൻ, ഫിഫ, അൽ ഖൗബ, അൽ അർദ, എന്നിവയുൾപ്പെടെയുള്ള ജീസാന്‍റെ ഭാഗങ്ങളിലും നജ്‌റാനിലെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴ പ്രതീക്ഷിക്കുന്നു.
ഇടിമിന്നലോടുകൂടി ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നല്ല വെള്ളമൊഴുക്കും ഉണ്ടാകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും തോട്, അരുവി എന്നിവക്ക് അരികിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മഴയും കാറ്റും തുടരുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.
മദീനയുടെ ചില മേഖലകളിലും കിഴക്കൻ പ്രവിശ്യ, റഫ, അറാർ, തുറൈഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, സകാക്ക, അൽ ഖുറയാത്ത്, അൽ ജൗഫ്, ഹാഇൽ, അൽ ജൗഫ്, തബൂക്ക് തുടങ്ങിയ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ നല്ല മഴയും ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. സൗദിയുടെ കിഴക്ക്, മധ്യ, തെക്ക് ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ താപനില നല്ല തോതിൽ കുറവുണ്ടാവുമെന്നും ശൈത്യം കടുക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. മക്കയിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ താപനില 28 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മദീനയിലും ദമ്മാമിലും 19 ഡിഗ്രി, റിയാദിലും അബഹയിലും 16 ഡിഗ്രി, ജിദ്ദയിൽ 29 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെപെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.