സൗദി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസൽ അൽഇബ്രാഹിം റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിൽ സംസാരിക്കുന്നു.
റിയാദ്: സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനത്തിൽ സ്വകാര്യ മേഖലയുടെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞ് സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസൽ അൽഇബ്രാഹിം. ഒമ്പതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവ് കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷൻ 2030 ന് കീഴിൽ രാജ്യം നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെ പ്രധാന സവിശേഷതകൾ അദ്ദേഹം വിശദീകരിച്ചു. സ്വകാര്യമേഖലയാണ് എണ്ണയിതര പ്രവർത്തനങ്ങളിലെ വളർച്ചയുടെ പ്രാഥമിക പ്രേരകശക്തിയെന്ന് മന്ത്രി അടിവരയിട്ടു. 2016 ൽ 'വിഷൻ 2030' ആരംഭിച്ചതിനുശേഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി) സ്വകാര്യ മേഖലയുടെ സംഭാവനയിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഇത് ബിസിനസ് അന്തരീക്ഷം വികസിപ്പിക്കാനും തഴച്ചുവളരാനും നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളുടെയും പരിഷ്കാരങ്ങളുടെയും ഫലപ്രാപ്തിയാണ് പ്രതിഫലിപ്പിക്കുന്നത്.
ഘടനപരമായ പരിഷ്കാരങ്ങൾക്കും സ്വകാര്യമേഖലയുടെ ഊർജ്ജസ്വലത വർധിപ്പിക്കുന്നതിനും സൗദി അറേബ്യ മുൻഗണന നൽകുന്നു. ഈ മേഖലയിൽ നിലവിലുള്ള ശ്രമങ്ങൾ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കാനും, മത്സരക്ഷമത കൂട്ടാനും, നിക്ഷേപകർക്കും സംരംഭകർക്കും ഒരുപോലെ സാമ്പത്തിക അവസരങ്ങൾ വൈവിധ്യവത്കരിക്കാനും സഹായിച്ചിട്ടുണ്ട്.
വിഷൻ 2030 ന്റെ പ്രാരംഭം മുതൽ സൗദിയിലെ ബിസിനസ് സംസ്കാരം രൂപാന്തരപ്പെട്ടതായി അൽഇബ്രാഹിം നിരീക്ഷിച്ചു. ഇത് കാര്യക്ഷമത, വേഗത, നവീകരണം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ഒന്നായി മാറിയിരിക്കുന്നു. ഈ മാറ്റം ആഗോളതലത്തിലെ പരിവർത്തനങ്ങളുമായി ഒത്തുപോകാനും പ്രകടനത്തിലും ഉൽപാദനക്ഷമതയിലും കാര്യമായ കുതിച്ചുചാട്ടം കൈവരിക്കാനുമുള്ള സൗദി സമ്പദ്‌വ്യവസ്ഥയുടെ ശേഷി ശക്തിപ്പെടുത്തി.
സാമ്പത്തിക സ്ഥിരത എന്നത് ഒരു ഞെട്ടലിനെ അതിജീവിക്കാനുള്ള കഴിവ് മാത്രമല്ല, അതൊരു മത്സരപരമായ നേട്ടമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സ്ഥിരത വർധിപ്പിക്കുന്നത് രാജ്യങ്ങൾക്ക് നിക്ഷേപം ആകർഷിക്കാനും അവരുടെ സുസ്ഥിര വളർച്ചയിലുള്ള വിപണിയുടെ വിശ്വാസം വർധിപ്പിക്കാനും സഹായിക്കുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. പ്രാദേശിക, ആഗോള വിപണികളെ ബന്ധിപ്പിക്കുന്ന ഒരു പ്രമുഖ സാമ്പത്തിക കേന്ദ്രമായി സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി രാജ്യം ആഗോള സാമ്പത്തിക സംയോജനം വർധിപ്പിക്കുന്നതിനും നവീകരണ, അധിഷ്ഠിത സംരംഭകത്വം ത്വരിതപ്പെടുത്തുന്നതിനും സജീവമായി പ്രവർത്തിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരത വർധിപ്പിക്കുന്നതിൽ സാങ്കേതികവിദ്യ ഒരു അടിസ്ഥാന സ്തംഭമായി മാറിയെന്ന് മന്ത്രി അൽഇബ്രാഹിം പറഞ്ഞു സാങ്കേതികവിദ്യ പ്രതിസന്ധികളോടുള്ള പ്രതികരണങ്ങൾ വേഗത്തിലാക്കുകയും ഭാവിയിലെ അപകടസാധ്യതകൾ മുൻകൂട്ടി കാണുകയും സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഏകോപനവും സംയോജനവും വർധിപ്പിക്കുകയും ചെയ്യുന്നു. സുസ്ഥിര വളർച്ച കൈവരിക്കുന്നതിനുള്ള ഒരു തന്ത്രപരമായ പാത ആണ് സാങ്കേതികവിദ്യയിലും നവീകരണത്തിലുമുള്ള നിക്ഷേപമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.