ദമ്മാം: പ്രവാസത്തിലെ അപ്രതീക്ഷിത നിമിഷങ്ങൾ ഒരു മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന തീവ്രാനുഭവങ്ങളുടെ കഥ പറയുന്ന 'ദിയ' ഇനി പ്രേക്ഷകരുടെ മുന്നിലേക്ക്. ഒരു വർഷത്തിലധികം നീണ്ട കഠിന പ്രയത്നങ്ങൾക്കൊടുവിൽ രൂപം കൊണ്ട ഒരു മണിക്കുറുള്ള ചിത്രത്തിെൻറ പ്രിവ്യൂ ഷോ കഴിഞ്ഞദിവസം ദമ്മാമിൽ ക്ഷണിക്കപ്പെട്ടവരുടെ മുന്നിൽ നടന്നു. ദമ്മാമിലെ ഒരു കൂട്ടം പ്രവാസി കലാകാരന്മാരുടെ സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. നാടക പ്രവർത്തകനും കലാകാരനുമായ ജേക്കബ് ഉതുപ്പ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം മിസ്റ്റിക്കൽ റോസ് പ്രൊഡക്ഷെൻറ ബാനറിൽ ജേക്കബ് ഉതുപ്പാണ് നിർമിച്ചത്.
കുടുംബത്തിനു വേണ്ടി മണൽക്കാട്ടിൽ ഉരുക്കിത്തീർത്ത ഒരു മനുഷ്യെൻറ നന്മ നിറഞ്ഞ ജീവിതത്തിെൻറ വഴികളിലൂടെയാണ് ചിത്രത്തിെൻറ കഥ പുരോഗമിക്കുന്നത്. ബാച്ചിലർ മുറികളിലെ രസകരമായ മുഹൂർത്തങ്ങൾ ഇതിന് കൂടതൽ ഭംഗി പകരുന്നു. സ്വന്തത്തിന് അപ്പുറത്ത് മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്ന പ്രവാസലോകത്ത് നാം കാണുന്ന പലരുടേയും നേർപതിപ്പായി ഇതിലെ അബ്ബാസ് എന്ന കഥാനായകൻ മാറുന്നു. അതേ സമയം ജീവിതം ആഘോഷമാക്കുകയും മദ്യത്തിെൻറ ആവേശത്തിൽ ജീവിതം അലിയിച്ചെടുക്കുകയും ചെയ്യുന്നവരെയും ഈ ചിത്രം കാണിച്ചു തരുന്നു. ആഴ്ചവട്ട അവധി ദിവസ രാത്രിയിൽ ഗസൽ നുണഞ്ഞ ഒരു സൗഹൃദക്കൂട്ടത്തിനിടയിൽ രൂപപ്പെടുന്ന തർക്കവും അതേതുടർന്ന് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കൊലപാതകവുമാണ് കഥയുടെ മൂലതന്തു. തർക്കം തീർക്കാൻ എത്തുന്ന അബ്ബാസ് എന്ന കഥാനായകൻ അറിയാതെ കൊലപാതകന്റെ ഉത്തരവാദിയായി മാറുന്നതിലൂടെ കഥ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്നു.
മൂന്ന് പതിറ്റാണ്ടിലധികമായി കുടുംബത്തിെൻറ പ്രാരാബ്ധങ്ങളുടെ വഴിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൂടിയാണ് കഥാനായകൻ. ഭാര്യയും ഏക മകളുമായി അധികകാലം ഒന്നിച്ചു നിൽക്കാൻ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. തിരിച്ചുപോയി സമാധാന ജീവിതം സ്വപ്നം കണ്ട് കഴിയുന്ന സമയത്താണ് അപ്രതീക്ഷിതമായി കൊപാതകക്കേസിൽ ജയിലിലാകുന്നതും വധശിക്ഷ വിധിക്കപ്പെടുന്നതും. ഇദ്ദേഹത്തെ മോചനദ്രവ്യം നൽകി പുറത്തിറക്കാനുള്ള കൂട്ടുകാരുടെ ശ്രമവും ഇതിനിടയിൽ കഠിന മാനസിക സംഘർഷത്തിൽപെട്ട് ഹൃദയാഘാതം മൂലം ഇദ്ദേഹം മരണപ്പെടുന്നതും പ്രേക്ഷകരുടെ കരൾ തൊടുന്ന രീതിയിൽ പറയാൻ അണിയറ ശിൽപികൾക്കായി. നാടക രചയിതാവ് കൂടിയായ ജേക്കബ് ഉതുപ്പിെൻറതാണ് കഥ. ഒപ്പം നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജേക്കബ് ഉതുപ്പാണ്.
ദമ്മാമിലെ കലാകാരന്മാരായ നീതു ശ്രീവൽസൻ, സഹീർഷാ കൊല്ലം, അനിൽ തിരുവന്തപുരം, ദിലീപ് പള്ളുരുത്തി, ധൻവി ഹരികുമാർ എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു. സിബിൻ മാത്യുവിെൻറതാണ് കാമറ. പൂർണമായും സൗദിയിൽ ചിത്രീകരിച്ച ചിത്രം റിലീസ് ചെയ്യാനുള്ള അണിയറ ഒരുക്കങ്ങളിലാണ് സംഘം. ദമ്മാമിൽ അഞ്ചിലധികം പ്രഫഷനൽ നാടകങ്ങൾ അവതരിപ്പിച്ച ദമ്മാം നാടകവേദിയിലാണ് ഈ കലാകാരന്മാർ ഒന്നിച്ചത്. നാട്ടിൽ നിരവധി കലാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവർ പ്രവാസത്തിൽ ഒറ്റപ്പെട്ടു കഴിയുന്നതിനിടയിലാണ് ഈ കൂട്ടായ്മ പിറവികൊണ്ടത്. ഖോബാർ നെസ്റ്റോ ഹാളിൽ നടന്ന ആദ്യ പ്രദർശനത്തിൽ മികച്ച പ്രേക്ഷക പ്രതികരണമാണുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.