ജിദ്ദ: കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ച കേന്ദ്ര ബജറ്റ് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനു വെല്ലുവിളി ഉയർത്തുന്ന രീതിയിൽ അപകടകരവും നിരാശാജനകവുമാണെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
രാജ്യത്തെ പ്രത്യേക ഭൂപ്രദേശങ്ങൾക്ക് യാതൊരു പരിഗണനയും നൽകാത്ത കേന്ദ്ര ബജറ്റ് ഫെഡറൽ റിപ്പബ്ലിക് എന്ന ഇന്ത്യൻ സങ്കല്പത്തിന് തന്നെ വെല്ലുവിളി ഉയർത്തുന്ന രീതിയിൽ അസന്തുലിതമാണ്. ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലെന്ന് മാത്രമല്ല, നടന്നുകൊണ്ടിരിക്കുന്ന റെയിൽവേ വികസന പദ്ധതികൾക്ക് പോലും തുടർവിഹിതം അനുവദിക്കാതെ രാഷ്ട്രീയ ദാർഷ്ട്യം കാണിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.
അയൽരാജ്യങ്ങളിൽ പ്രകൃതി ദുരന്തം സംഭവിക്കുമ്പോൾ പോലും സഹായം എത്തിക്കുന്ന രാജ്യത്തെ സർക്കാർ, പ്രകൃതി ദുരന്തം കൊണ്ട് ദുരിതം അനുഭവിക്കുന്ന വയനാടിനെ തിരിഞ്ഞു പോലും നോക്കിയില്ല. ബി.ജെ.പിയുടെ ചിഹ്നം താമര ആയതിനാൽ താമര വിത്ത് സംഭരണത്തിനും വിതരണത്തിനും പ്രത്യേക ബോർഡ് സ്ഥാപിക്കാൻ ബീഹാറിന് കോടികൾ അനുവദിക്കുന്നത് ഫെഡറൽ സംവിധാനത്തോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും പ്രവാസി വെൽഫെയർ അഭിപ്രായപ്പെട്ടു.
സാധാരണക്കാരായ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികൾക്കെതിരെ നിരന്തരം പരാതികൾ ബോധിപ്പിച്ചിട്ടും വിഷയത്തിൽ ചെറുവിരൽ പോലുമനക്കാതെ മുതലാളിമാർക്കും കുത്തകകൾക്കും ആവോളം വാരിക്കോരി കൊടുത്ത് കേന്ദ്ര സർക്കാർ അവരെ സന്തോഷിപ്പിച്ചു കൊണ്ട് ചങ്ങാത്ത രാഷ്ട്രീയത്തിന്റെ പുതിയ ഉയരങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.