റിയാദ്: ഒരുവർഷം മുമ്പ് അടച്ചുപൂട്ടിയ കമ്പനിയുടെ റിയാദിലെ ക്യാമ്പിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ ഉറ്റവർക്ക് ഒരുനോക്ക് കാണാനായത് അഞ്ചുമാസത്തിന് ശേഷം. ജോലിയും ശമ്പളവുമില്ലാതെ ദുരിതങ്ങളുടെ കനൽദിനങ്ങൾ താണ്ടുന്നതിനിടയിൽ മരണത്തിലേക്ക് കുഴഞ്ഞുവീണ കണ്ണൂർ സ്വദേശി പൂന്തോട്ടത്തിൽ ബാബുവിെൻറ ചേതനയറ്റ ശരീരമാണ് വൈകിയാണെങ്കിലും ഉറ്റവരുടെ അന്ത്യചുംബനങ്ങളേറ്റുവാങ്ങാൻ എത്തിയത്. നിയമപ്രശ്നങ്ങളും കോവിഡ് പ്രതിസന്ധിയും മൂലം അനിശ്ചിതത്വത്തിലായപ്പോൾ റിയാദിലെ ശ്മശാനത്തിൽ സംസ്കരിക്കേണ്ട മൃതദേഹങ്ങളുടെ പട്ടികയിൽ ബാബുവിെൻറ പേരും എഴുതിച്ചേർക്കാനൊരുങ്ങിയതാണ്.
അപ്പോഴാണ് ‘എത്രകാലവും കാത്തിരിക്കാൻ ഞങ്ങൾ തയാറാണ്, ഞങ്ങൾക്ക് അച്ഛനെ ഒരുനോക്ക് കാണണം, ആ മുഖത്ത് അന്ത്യചുംബനം അർപ്പിക്കണം’ എന്ന മകളുടെ ഉള്ളുലയ്ക്കുന്ന അഭ്യർഥന റിയാദിലെ ഇന്ത്യൻ എംബസിയിലേക്കും സാമൂഹികപ്രവർത്തകരിലേക്കും നിരന്തരം എത്താൻ തുടങ്ങിയത്. ആ മൃതദേഹം നേരിട്ട നിയമക്കുരുക്ക് സങ്കീർണമായിരുന്നു. ഒരു വർഷം മുമ്പ് അടച്ചുപൂട്ടിയ ഫർണിച്ചർ കമ്പനിയിലെ തൊഴിലാളിയായിരുന്നു ബാബു. അയാൾ മാത്രമല്ല, വേറെയും തൊഴിലാളികൾ അവിടെയുണ്ടായിരുന്നു.
ശമ്പള കുടിശ്ശികയും സേവനാനുകൂല്യങ്ങളും ആവശ്യപ്പെട്ട് തൊഴിലാളികൾ നൽകിയ കേസ് ലേബർ കോടതിയിലാണ്. പണിയില്ലാതെ കമ്പനി പൂട്ടുന്നത് അതിനിടയിലായിരുന്നു. ഒരുവർഷമായി പണിയില്ല, ശമ്പളവുമില്ല. കമ്പനി വക ക്യാമ്പിൽ പട്ടിണിയും പരിവട്ടവുമായി തൊഴിലാളികൾ നരകയാതന അനുഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഇന്ത്യൻ എംബസി അവിടെ സഹായങ്ങൾ എത്തിച്ചു. ഭക്ഷണവും മരുന്നുകളും എത്തിച്ചു. ഇതിനിടയിൽ രോഗബാധിതരായി ബാബു അടക്കം മൂന്ന് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. ഇൗ വർഷം ഫെബ്രുവരി 27നായിരുന്നു ബാബു മരിച്ചത്.
മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിലായിരുന്നു ഇത്രയും കാലവും. കമ്പനിയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ മൃതദേഹം നാട്ടിൽ അയക്കുന്നതിന് തടസ്സമായി മാറുകയായിരുന്നു. കോവിഡ് പ്രതിസന്ധിയോടെ അന്താരാഷ്ട്ര വിമാനസർവിസ് നിർത്തിവെച്ചത് മൃതദേഹം നാട്ടിലയക്കുന്ന കാര്യത്തിൽ കടുത്ത അനിശ്ചതത്വമുണ്ടാക്കുകയും ചെയ്തു. ഭാര്യയും മക്കളും അനുമതി തന്നാൽ റിയാദിൽ സംസ്കരിക്കാം എന്ന് എംബസി അധികൃതർ അവരെ അറിയിച്ചു. പക്ഷേ, അരുതേ എന്ന അഭ്യർഥനയാണ് കുടുംബത്തിൽനിന്നുണ്ടായത്.
മൂത്ത മകൾ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. അച്ഛനെ അവസാനമായൊന്ന് കാണണം, അന്ത്യചുംബനം അർപ്പിക്കണം എന്ന കുടുംബത്തിെൻറ ആഗ്രഹം എംബസിയെ അറിയിച്ചു. തുടർന്ന് എംബസി ഇതിനാവശ്യമായ നടപടികൾ ത്വരിതഗതിയിലാക്കി. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് കഠിനപരിശ്രമത്തിലൂടെ നിയമക്കുരുക്കുകൾ ഒന്നൊന്നായി അഴിച്ച് മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള വഴിയൊരുക്കി. കഴിഞ്ഞ ദിവസം കാർഗോ വിമാനത്തിൽ നാട്ടിലെത്തിച്ചു. സ്വദേശത്ത് സംസ്കരിക്കുകയും ചെയ്തു. ഇതിനാവശ്യമായ 13,000 റിയാൽ ഇന്ത്യൻ എംബസി സാമൂഹികക്ഷേമനിധിയിൽനിന്ന് ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.