സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിശിഷ്ടാതിഥികൾക്കായി മക്കയിലെ മിന കൊട്ടാരത്തിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ
ജിദ്ദ: വിശുദ്ധ ഭൂമിയിലെത്തുന്ന തീർഥാടകർക്ക് സേവനം നൽകുന്നത് രാജ്യത്തിെൻറ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിെൻറ ഭാഗമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രസ്താവിച്ചു. മക്കയിലെ മിന കൊട്ടാരത്തിൽ ഈദുൽ അദ്ഹ (ബലിപെരുന്നാൾ) ആശംസകൾ നേരാനെത്തിയ വിശിഷ്ടാതിഥികളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീർഥാടകരെയും പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവരെയും പരിചരിക്കുന്നതിൽ സൗദി ജനത പുലർത്തുന്ന ഉറച്ച പ്രതിബദ്ധതയെ കിരീടാവകാശി എടുത്തുപറഞ്ഞു. വിശുദ്ധ ഹറമുകളുടെയും പുണ്യസ്ഥലങ്ങളുടെയും പരിപാലനം ദൈവം സൗദി അറേബ്യക്ക് നൽകിയ വലിയൊരു ബഹുമതിയാണ്. സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിെൻറ കാലം മുതൽ ആരംഭിച്ച ഈ മഹത്തായ കടമ, ദൈവ സഹായത്തോടെയും ശരിയായ മാർഗനിർദേശത്തോടെയും സൗദി ഭരണാധികാരികൾ തുടർന്നുപോരുകയാണെന്നും അത് ഭാവിയിലും ഊർജസ്വലമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹജ്ജ് വേളയിൽ മികച്ച സേവനം കാഴ്ചവെച്ച സൈനിക-സുരക്ഷാ വിഭാഗങ്ങളിലെ എല്ലാ അംഗങ്ങൾക്കും, വിവിധ സർക്കാർ ജീവനക്കാർക്കും, സന്നദ്ധപ്രവർത്തകർക്കും കിരീടാവകാശി നന്ദി രേഖപ്പെടുത്തി. രാജ്യത്തിെൻറ സുരക്ഷ നിലനിർത്തുന്നതിലും വിഭവങ്ങൾ സംരക്ഷിക്കുന്നതിലും സൈന്യം നടത്തുന്ന ശ്രമങ്ങൾ രാജ്യത്തിന് ഏറെ അഭിമാനകരവും അഭിനന്ദനാർഹവുമാണ്. ഈദുൽ അദ്ഹ പ്രമാണിച്ച് സ്വദേശികൾക്കും വിദേശി താമസക്കാർക്കും ലോകമെമ്പാടുമുള്ള തീർഥാടകർക്കും അദ്ദേഹം പെരുന്നാൾ ആശംസകൾ നേരുകയും, മുസ്ലിം ലോകത്തിന് നന്മകൾ ആശംസിക്കുകയും ചെയ്തു.
ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കാളികളാകാൻ എത്തിയ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾക്കും പ്രമുഖ വ്യക്തികൾക്കുമായി മിന കൊട്ടാരത്തിൽ കിരീടാവകാശി വാർഷിക സ്വീകരണ വിരുന്ന് ഒരുക്കിയിരുന്നു. സൽമാൻ രാജാവിെൻറ പ്രത്യേക അതിഥികൾ, വിവിധ സർക്കാർ ഏജൻസികളുടെ അതിഥികൾ, മുതിർന്ന ഇസ്‌ലാമിക പണ്ഡിതർ, പ്രതിനിധി സംഘങ്ങളുടെ തലവന്മാർ, ഹജ്ജ് മിഷൻ മേധാവികൾ തുടങ്ങിയ പ്രമുഖർ ഈ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
പരിപാടിയിൽ സംബന്ധിച്ച വിശിഷ്ടാതിഥികൾ
അൽബേനിയൻ പ്രസിഡൻറ് ബൈറം ബെഗായ്, ചാഡ് പ്രസിഡൻറ് മുഹമ്മദ് ഇദ്‌രീസ് ഡെബി ഇറ്റ്നോ, തുർക്കി വൈസ് പ്രസിഡൻറ് ദെവ്ദെത് യിൽമാസ്, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്‌ബുലി, മാലിദ്വീപ് വൈസ് പ്രസിഡൻറ് ഹുസൈൻ മുഹമ്മദ് ലത്തീഫ്, മൗറിതാനിയ പ്രധാനമന്ത്രി മുക്താർ ഔൾഡ് ഡിജെ, ഗിനിയ പ്രധാനമന്ത്രി അമാദു ഔറി ബാ എന്നിവർ കിരീടാവകാശിയുടെ സ്വീകരണം ഏറ്റുവാങ്ങിയ പ്രമുഖരിൽ ഉൾപ്പെടുന്നു.
ചടങ്ങിൽ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ സംസാരിച്ചു. സൽമാൻ രാജാവിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ, ഈ വർഷത്തെ ഹജ്ജ് വിജയമാക്കുന്നതിനായി ആരംഭിച്ച വിപുലമായ ഒരുക്കങ്ങളെയും തയ്യാറെടുപ്പുകളെയും കുറിച്ച് മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.