പെട്രോളിയം മേഖലയിലെ നിക്ഷേപത്തിന്  85 ശതമാനം വരെ ആദായ നികുതി

റിയാദ്: സൗദിയിലെ പെട്രോളിയം, ഹൈഡ്രോകാര്‍ബണൈറ്റ് മേഖലയിലെ നിക്ഷേപ സംരംഭങ്ങളുടെ വരുമാനത്തിന് ആദായ നികുതി ചുമത്തിക്കൊണ്ട് സല്‍മാന്‍ രാജാവ് തിങ്കളാഴ്ച വിജ്ഞാപനമിറക്കി. മുതല്‍മുടക്കി​െൻറ തോതനുസരിച്ച് 50 മുതല്‍ 85 ശതമാനം വരെയാണ് ആദായ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2017 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ  നികുതി നിലവില്‍ വരുമെന്നും രാജവിജ്ഞാപനത്തില്‍ വ്യക്തമാക്കി.  375 ബില്യന്‍ റിയാലിന് മുകളില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം, 300 മുതല്‍ 375 ബില്യന്‍ വരെ നിക്ഷേപമുള്ള സ്ഥാപനങ്ങള്‍ക്ക് 65 ശതമാനം, 225 മുതല്‍ 300 ബില്യന്‍ റിയാല്‍ വരെ നിക്ഷേപമുള്ള സ്ഥാപനങ്ങള്‍ക്ക് 75 ശതമാനം, 225 ബില്യന്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് 85 ശതമാനം എന്നിങ്ങനെയാണ് ആദായ നികുതിയുടെ തോത് നിശ്ചയിച്ചിരിക്കുന്നത്. പെന്‍ഷന്‍ ഫണ്ട്, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി), തൊഴിലാളികള്‍ വിരമിക്കുമ്പോള്‍ നല്‍കുന്ന ആനുകൂല്യം, മെഡിക്കല്‍ ചെലവുകള്‍ എന്നിവ ആദായ നികുതിയില്‍ നിന്ന് കുറക്കാമെന്ന് രാജവിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. 
ആദായ നികുതി സര്‍ക്കാര്‍ ഉടമയിലുള്ള സ്വദേശി എണ്ണക്കമ്പനികള്‍ക്ക് കൂടുതല്‍ സാധ്യത തുറന്നുകൊടുക്കുമെന്നും വിദേശ നിക്ഷേപത്തിൽ ഉണ്ടാകാവുന്ന കുറവ്   ഇത്തരം വരുമാനത്തിലൂടെ പരിഹരിക്കുമെന്നും രാജകല്‍പനയോട് പ്രതികരിച്ചുകൊണ്ട് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ് ആന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അധീനതയിലുള്ള ഭീമന്‍ കമ്പനിയായ സൗദി അരാംകോക്ക് കൂടുതല്‍ ലാഭം നേടിത്തരുന്നതാണ് പുതിയ തീരുമാനമെന്നും സൗദി വിഷന്‍ 2030ന് അനുയോജ്യമാണ് രാജകല്‍പനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - petrolium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.