സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ന്യൂയോർക്കിൽ യു.എൻ പൊതുസഭയിൽ സംസാരിക്കുന്നു
റിയാദ്: സമാധാനം കൈവരിക്കാനുള്ള ഏക മാർഗം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ന്യൂയോർക്കിലെ യു.എൻ പൊതുസഭ ആസ്ഥാനത്ത് ഡസൻ കണക്കിന് ലോകനേതാക്കളുടെ പങ്കാളിത്തത്തോടെ സൗദിയും ഫ്രാൻസും ചേർന്ന് അധ്യക്ഷത വഹിച്ച ഫലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പeക്കലും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ പ്രതിനിധികരിച്ച് നടത്തിയ പ്രസംഗത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. സമാധാനം കൈവരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രതിബദ്ധത സ്ഥിരീകരിക്കുന്നതിനുമുള്ള ചരിത്രപരമായ അവസരമാണ് ഈ സമ്മേളനമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഗസ്സയിൽ ഫലസ്തീനികൾക്കെതിരായ ആക്രമണാത്മക സമീപനവും ക്രൂരമായ കുറ്റകൃത്യങ്ങളും ഇസ്രായേൽ അധികാരികൾ തുടരുന്ന സാഹചര്യത്തിലാണ് ഈ സമ്മേളനം നടക്കുന്നത്. വെസ്റ്റ് ബാങ്കിലും ജറൂസലമിലും അവർ നടത്തുന്ന നിയമലംഘനങ്ങൾക്കും അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ പരമാധികാരത്തിനു നേരെയുള്ള അവരുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കും പുറമേയാണിത്.
ഖത്തറിനെ ലക്ഷ്യമിട്ടുള്ള ക്രൂരമായ ആക്രമണമാണ് അവയിൽ ഏറ്റവും പുതിയത്. പ്രാദേശിക, അന്തർദേശീയ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ, മേഖലയിലെ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന, ആക്രമണാത്മക നടപടികളിൽ ഇസ്രായേൽ തുടരുന്നതിനെ ഇത് സ്ഥിരീകരിക്കുന്നു. ഇത് മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള ഏക മാർഗം ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുക എന്ന സൗദിയുടെ ഉറച്ച ബോധ്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തിന്റെ ഫലങ്ങൾ നടപ്പാക്കുന്നതിനായി ഫ്രാൻസുമായും സമാധാനം പ്രോത്സാഹിപ്പിക്കുന്ന എല്ലാ രാജ്യങ്ങളുമായും പങ്കാളിത്തം തുടരാനുള്ള ദൃഢനിശ്ചയം സൗദി വിദേശകാര്യ മന്ത്രി ആവർത്തിച്ചു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക, ഫലസ്തീൻ പരമാധികാരത്തിന് ഭീഷണിയാകുന്ന എല്ലാ ഏകപക്ഷീയ നടപടികളും നിർത്തുക, മേഖലയിലെ സംഘർഷം അവസാനിപ്പിക്കുക, 1967ലെ അതിർത്തികളിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നിവയാണ് സൗദിയുടെ ലക്ഷ്യം.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിൽ ഫ്രഞ്ച് പ്രസിഡന്റിന്റെ ചരിത്രപരമായ നിലപാടിനെയും നിരവധി രാജ്യങ്ങൾ സ്വീകരിച്ച ധീരമായ നിലപാടിനെയും വിദേശകാര്യ മന്ത്രി പ്രശംസിച്ചു.ഫലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കലും സംബന്ധിച്ച ന്യൂയോർക് പ്രഖ്യാപനം അംഗീകരിക്കുന്നതിനുള്ള യു.എൻ പൊതുസഭയുടെ പ്രമേയത്തിന് 142 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്ത വിശാലമായ അന്താരാഷ്ട്ര പിന്തുണയെയും വദേശകാര്യ മന്ത്രി പ്രശംസിച്ചു. അന്താരാഷ്ട്ര പരാമർശങ്ങൾ, യു.എൻ പ്രമേയങ്ങൾ, അറബ് സമാധാന സംരംഭം എന്നിവക്കനുസൃതമായി ഫലസ്തീൻ ജനതയോട് നീതി പുലർത്താനും അവരുടെ ചരിത്രപരവും നിയമപരവുമായ അവകാശങ്ങൾ ഏകീകരിക്കാനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആഗ്രഹത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയോ അംഗീകരിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിക്കുകയോ ചെയ്ത രാജ്യങ്ങളുടെ നിലപാടുകളെയും വിദേശകാര്യ മന്ത്രി പ്രശംസിച്ചു. മറ്റ് രാജ്യങ്ങളോടും ഇതേ നടപടി സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും മേഖലയിൽ ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിലും മേഖല സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ ആസ്വദിക്കുന്നതിനും ഈ സമ്മേളനം അഗാധമായ സ്വാധീനം ചെലുത്തുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.