റിയാദ്: സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫും തമ്മിൽ ടെലിഫോണിലൂടെ നിർണായക ചർച്ച നടത്തി. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും ഇരുനേതാക്കളും വിശദമായി വിലയിരുത്തി.
സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ പാകിസ്താൻ പ്രധാനമന്ത്രി ശക്തമായ ഭാഷയിൽ അപലപിച്ചു എന്നതാണ് ഈ ചർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട വശം. ഇത്തരം നീക്കങ്ങൾ സൗദിയുടെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ ലംഘനമാണെന്നും രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയെ തകർക്കുന്ന നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാെൻറ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ നീക്കങ്ങൾ പശ്ചിമേഷ്യയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്ന് ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. ഈ പ്രതിസന്ധി ഘട്ടത്തിൽ സൗദി അറേബ്യയുടെ സുരക്ഷാ കാര്യങ്ങളിൽ പാകിസ്താൻ്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം ആവർത്തിച്ചു.
മേഖലയിലെ മാറുന്ന സാഹചര്യങ്ങൾക്കിടയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിെൻറ ഭാഗമായാണ് ടെലിഫോൺ സംഭാഷണം നടന്നത്. സൗദിയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളിയാകുന്ന ഏത് സാഹചര്യത്തിലും പാകിസ്താൻ സൗദിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ഷെരീഫ് ഉറപ്പുനൽകി. മേഖലയിലെ സമാധാനം തകർക്കുന്ന പ്രകോപനങ്ങൾ അവസാനിപ്പിക്കേണ്ടതിെൻറ ആവശ്യകത നേതാക്കൾ ചർച്ചയിൽ ഊന്നിപ്പറഞ്ഞു. സൗദി അറേബ്യ നേരിടുന്ന സുരക്ഷാ ഭീഷണികളിൽ തങ്ങൾക്കൊപ്പമുള്ള പാകിസ്താെൻറ ഉറച്ച നിലപാടിനെ സൗദി ഭരണകൂടം പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.