റിയാദ്: ജമ്മു കാശ്മീരിലെ പെഹൽഗാമിലുണ്ടായ തീവ്രവാദ ആക്രമണങ്ങളെ റിയാദിലെ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ശക്തമായ ഭാഷയിൽ അപലപിച്ചു.
നിരപരാധികളുടെ ദാരുണമായ അന്ത്യത്തിനും കുടുംബങ്ങൾക്കും സമൂഹത്തിനും അളവറ്റ ദുരിതത്തിനും കാരണമായ ഈ ഭീകര പ്രവൃത്തിയിൽ അഗാധമായ ദുഃഖവും അമർഷവും രേഖപ്പെടുത്തുന്നു. സമാധാനം, അഹിംസ, മനുഷ്യന്റെ അന്തസ്സ്, ജീവന്റെ പവിത്രത എന്നിവയോടുള്ള കടുത്ത വെല്ലുവിളിയും മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനവുമാണിത്.
റിയാദിൽ ചേർന്ന കോഓഡിനേഷൻ കമ്മിറ്റി ജനകീയ സംഗമത്തിൽ എക്സിക്യൂട്ടിവ് അംഗം അബ്ദുല്ലത്തീഫ് മാനിപുരം പ്രമേയം അവതരിപ്പിച്ചു. ഈ അർഥശൂന്യമായ ഭീകരകൃത്യങ്ങളാൽ ദുരിതമനുഭവിക്കുന്ന ഇരകളുടെ കുടുംബാംഗങ്ങളോടുള്ള അഗാധമായ അനുശോചനവും ഐക്യദാർഢ്യവും സംഘടന പ്രഖ്യാപിച്ചു.
ഈ ആക്രമണങ്ങളുടെ സൂത്രധാരകരെയും സ്പോൺസർമാരെയും പറ്റി സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരുകയും ചെയ്യണമെന്ന് മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.