എണ്ണ വില ഇടിയുമ്പോഴും സൗദിയില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധനവ്

ദമ്മാം: അന്താരാഷ്ര്ട വിപണിയില്‍ അസംസ്കൃത എണ്ണ  വില ഇടിയുമ്പോഴും ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യമായ സൗദിയില്‍ ജീവനക്കാരുടെ ശമ്പളയിനത്തില്‍ വര്‍ധനവ്. ഈ വര്‍ഷം ശരാശരി 4.5 ശതമാനമാണ് രാജ്യത്ത് തൊഴില്‍ വിപണിയില്‍ വിവിധ മേഖലയിലെ ജീവനക്കാരുടെ വേതനം വര്‍ധിച്ചിരിക്കുന്നത്. സ്വകാര്യ സേവന ദാതാക്കള്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച ്എണ്ണ വിലയില്‍ 40 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടും ശമ്പളത്തിലോ മറ്റാനുകൂല്യങ്ങളിലോ കുറവ് വന്നിട്ടില്ല.

സാധാരണ ഗതിയിലുള്ള വര്‍ധനവ് ഉണ്ടായതായും സര്‍വെയിൽ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത മൊത്തം ജീവനക്കാരില്‍ 40 ശതമാനവും ഒരേ കമ്പനിയില്‍ അഞ്ചു വര്‍ഷമായി ജോലി ചെയ്യുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ വേതനം വാങ്ങുന്ന തൊഴിലാളികളുടെ കൂലിയില്‍ ഏകദേശം 2.7 ശതമാനം വര്‍ധനവാണുണ്ടായത്. ബാങ്കിങ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ ശമ്പള വര്‍ധനവ്. ആറ് ശതമാനമാണ് ഈ മേഖലയിലുള്ള ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വേതനം വര്‍ധിപ്പിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ബോണസും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതും ബാങ്കിങ് മേഖലയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാര​​െൻറയും താഴ്ന്ന ജോലിയിലുള്ളവരുടെയുംവരുമാനത്തിലുള്ള അന്തരം ഏറ്റവും കുറഞ്ഞ രാജ്യമാണ് സൗദി അറേബ്യ. 

വനിത ജീവനക്കാര്‍ക്കും സാധാരണ നിരക്കിനേക്കാള്‍ കൂടുതലാണ് വേതനം ലഭിക്കുന്നത്. എണ്ണ വിലയിടിവും ആഗോള സാമ്പത്തിക മാന്ദ്യവും അനുഭവപ്പെട്ടാലും സൗദിയില്‍ അടുത്ത വര്‍ഷം ഏകദേശം നാല് ശതമാനം വേതന വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എണ്ണേതര മേഖലകള്‍ കണ്ടെത്തി വരുമാനം വര്‍ധിപ്പിക്കാന്‍ സൗദി ഭരണകൂടം വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇക്കാരണത്താലാണ് അന്താരാഷ്ര്ട വിപണിയില്‍ എണ്ണ വില താഴ്ന്നു കിടക്കുമ്പോഴും തൊഴില്‍ വിപണിയേയോ സാമ്പത്തിക വളര്‍ച്ചയേയോ ബാധിക്കാത്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - oil price-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.