റിയാദ്: നെന്മാറയിൽ ജാമ്യത്തിലിറങ്ങി പ്രതി അയൽവാസിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനുണ്ടായ വീഴ്ച ചൂണ്ടിക്കാണിച്ചുള്ള സമരം നടത്തിയ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനീഷ് കരിമ്പാറ, കെ.എസ്.യു നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റ് രാജേഷ് നെന്മാറ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിനെതിരെ റിയാദ് ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
റിയാദ് സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന പ്രതിഷേധയോഗത്തിൽ പ്രസിഡന്റ് ശിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു.
ജയിലിൽനിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്.
തുടർന്ന്, സുധാകരനെയും കുടുംബത്തെയും ചില അയൽവാസികളെയും ഭീഷണിപ്പെടുത്തിയിരുന്നു. സമീപവാസികൾ ഇതു സംബന്ധിച്ച് നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും വേണ്ട മുൻകരുതലുകൾ എടുക്കാത്ത പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്നും ജനപക്ഷത്തുനിന്ന് സമരം ചെയ്യുന്ന നേതാക്കൾക്കെതിരെ ഇത്തരത്തിലുള്ള നടപടികൾ എടുത്തു സമരം അടിച്ചമർത്താൻ ശ്രമിക്കുതെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
ഹക്കീം പട്ടാമ്പി, രാജു പാപ്പുള്ളി, ഷാജഹാൻ ചളവറ, സൈനുദ്ധീൻ വല്ലപ്പുഴ, നിഹസ് പാലക്കാട്, ഷഫീർ പത്തിരിപ്പാല, അൻസാർ തൃത്താല, ഷംസീർ പിരായിരി എന്നിവർ പങ്കെടുത്തു. യോഗത്തിൽ ജനറൽ സെക്രട്ടറി മൊയ്ദീൻ മണ്ണാർക്കാട് സ്വാഗതവും ട്രഷറർ ഷഹീർ കൊട്ടേക്കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.