ഒ.ഐ.സി.സി അൽ ഖോബാർ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ
ദമ്മാം: ഒ.ഐ.സി.സി അൽഖോബാർ ഏരിയ കമ്മിറ്റിയുടെ വാർഷികാഘോഷമായ ‘വിസ്മയസന്ധ്യ’യിൽ ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാകും. വെള്ളിയാഴ്ച അൽഖോബാറിലെ ഹാബിറ്റാറ്റ് ഹോട്ടലിൽ വൈകീട്ട് അഞ്ച് മുതലാണ് പരിപാടി. അൽഖോബാർ ഒ.ഐ.സി.സി പ്രതിനിധികൾ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. ഈ മാസം 18ന് ജിദ്ദയിലെത്തുന്ന ഷാഫി പറമ്പിൽ ജിദ്ദ, മക്ക, മദീന, അബഹ, റിയാദ് എന്നിവിടങ്ങളിൽ വ്യത്യസ്ത പരിപാടികളിൽ പങ്കെടുത്ത് വെള്ളിയാഴ്ച വൈകീട്ട് ദമ്മാമിലെത്തും.
പ്രവിശ്യയിലെ മുതിർന്ന കലാകാരന്മാർ ഒരുക്കുന്ന സംഗീതനൃത്ത കലാവിരുന്നോടെ വാർഷികാഘോഷം അരങ്ങേറും. 7.30ന് ആരംഭിക്കുന്ന സാസ്കാരിക സമ്മേളനത്തിൽ അൽഖോബാർ ഏരിയ പ്രസിഡന്റ് എ.കെ. സജൂബ് അധ്യക്ഷത വഹിക്കും. കിഴക്കൻ പ്രവിശ്യകമ്മിറ്റി പ്രസിഡന്റ് ഇ.കെ. സലിം സമ്മേളനം ഉദ്ഘാടനം ചെയ്യും.
വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തെകുറിച്ച് ഷാഫി പറമ്പിൽ സംസാരിക്കും. ഏരിയ കമ്മിറ്റി ബിസിനസ് എക്സലൻസി അവാർഡ് തെരഞ്ഞെടുത്ത അഞ്ചു സംരംഭകർക്ക് സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് എ.കെ. സജൂബ്, വൈസ് പ്രസിഡന്റ് സുബൈർ പാറക്കൽ, ജനറൽ സെക്രട്ടറി രാജേഷ് ആറ്റുവ, ട്രഷറർ ഷൈൻ കരുനാഗപ്പള്ളി, ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ജോൺ കോശി, റീജനൽ ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻ സൊസൈറ്റി സൗദി അക്കാദമിക് കൗൺസിൽ കോഓഡിനേറ്ററുമായ സക്കീർ പറമ്പിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.