ഒ.ഐ.സി.സി ജിദ്ദ പ്രതിനിധി സംഘം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായി ചർച്ച നടത്തുന്നു
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി നേതാക്കൾ കരിപ്പൂർ ഹജ്ജ് ഹൗസ് സന്ദർശിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടുമായി ചർച്ച നടത്തി. കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രികരിൽനിന്നും ഭീമമായ തുക ടിക്കറ്റ് ചാർജായി ഈടാക്കുന്നത് നീതീകരിക്കാനാവാത്ത കാര്യമാണെന്നും സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ ഈ വിഷത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വിഷയം കേന്ദ്ര സർക്കാറിന്റെയും കേന്ദ്ര മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത ഹജ്ജ് സീസണാവുമ്പോൾ ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവുണ്ടാവാൻ സാധ്യത കാണുന്നുണ്ടെന്നും ചെയർമാൻ മറുപടി നൽകി. പ്രവാസി സംഘടനകൾ നാളിതുവരെ ഹാജിമാർക്ക് നൽകി വരുന്ന സേവനങ്ങൾ മഹത്തരമാണെന്നും അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കൊടശ്ശേരി സംഘത്തിന് നേതൃത്വം നൽകി.
റീജനൽ കമ്മിറ്റി സെക്രട്ടറി മുസ്തഫ ചേളാരി, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലവി ഹാജി കാരിമുക്ക്, മലപ്പുറം ജില്ല സെക്രട്ടറി എം.ടി.ജി ഗഫൂർ, മദീന വൈസ് പ്രസിഡന്റ് മുനീർ പടിക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സൽമാൻ ചോക്കാട്, മജീദ് ചേറൂർ, അൻസാരി മേലേപറമ്പ് മക്ക, സീനിയർ നേതാക്കളായ അബ്ദുറഹ്മാൻ കാവുങ്ങൽ, കെ.സി. അബ്ദുൽറഹ്മാൻ, അഷ്റഫ്, ഷറഫുദ്ദീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.