യാംബു റോയൽ കമീഷൻ തീരങ്ങളിൽ കണ്ടൽക്കാടുകളുടെ വ്യാപനം ലക്ഷ്യംവെച്ചുള്ള
കാമ്പയിന് തുടക്കം കുറിച്ചപ്പോൾ
യാംബു : 'മാൻ ഗ്രോവ് ഫോറസ്്റ്റ്' എന്നറിയപ്പെടുന്ന കണ്ടൽക്കാടുകൾ യാംബു കടൽ തീരങ്ങളിലും ബീച്ചുകളിലും വ്യാപകമാക്കാൻ പദ്ധതി ഒരുങ്ങുന്നു. യാംബു റോയൽ കമീഷനിലെ ചെങ്കടൽ തീരങ്ങളിൽ പ്രകൃതിദത്തമായ വർണാഭമായ കാഴ്ച ഒരുക്കുന്ന 'മാൻജുറൂഫ്' എന്ന് അറബിയിൽ വിളിക്കുന്ന കണ്ടൽക്കാടുകളുടെ സംരക്ഷണം ഇതിനകം ഏറെ ശ്രദ്ധേയമാണ്. നിരവധി സമുദ്ര ജീവികൾക്കും പക്ഷികൾക്കുമുള്ള സംയോജിത ആവാസവ്യവസ്ഥയാണിത്.
1970കളുടെ അവസാനത്തിൽ യാംബു ഇൻഡസ്ട്രിയൽ സിറ്റി സ്ഥാപിതമായതു മുതൽ ഇവിടത്തെ കടൽത്തീരങ്ങളിൽ കണ്ടൽശേഖരം നില നിർത്താൻ യാംബു റോയൽ കമീഷൻ അധികൃതർ ഏറെ ശ്രദ്ധിക്കുന്നുണ്ട്. ശാസ്ത്രീയ പഠനത്തിനും പ്രകൃതിയുടെ നന്മക്കും വേണ്ടി ഇവ ഉപയോഗപ്പെടുത്താനും അതിനായി നല്ല പരിപാലനം ചെയ്യാനും ബന്ധപ്പെട്ടവർ ഏറെ ജാഗ്രത കാണിക്കുന്നത് ഏറെ പ്രശംസനീയമാണ്. പ്രകൃതിയുടെ മനോഹാരിത നിലനിർത്താനും ദേശാടനപ്പക്ഷികൾക്കും മറ്റും താവളമൊരുക്കാനും കണ്ടൽക്കാടുകളുടെ സംരക്ഷണം ഏറെ അനിവാര്യമാണ്.
കണ്ടൽക്കാടുകളുടെ മഹത്തരമായ പരിസ്ഥിതി പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാണ് അത് കൂടുതൽ വ്യാപകമാക്കാൻ യാംബുവിലെ റോയൽ കമീഷെൻറ പരിസ്ഥിതി സംരക്ഷണ നിയന്ത്രണ വകുപ്പ് ഇപ്പോൾ പദ്ധതികൾ ആവിഷ്കരിക്കുന്നത്. റോയൽ കമീഷനിലെ പ്രമുഖ കെമിക്കൽ കമ്പനിയായ ലൂബ്രഫുമായും മറ്റു സന്നദ്ധപ്രവർത്തകരുമായും സഹകരിച്ച് കണ്ടൽക്കാടുകളുടെ വ്യാപനം വർധിപ്പിക്കാൻ പുതിയ കാമ്പയിന് കഴിഞ്ഞദിവസം തുടക്കം കുറിച്ചു.
പ്രകൃതിയുടെ ആവാസവ്യവസ്ഥക്ക് ചെടികളും മരങ്ങളും സമുദ്രവിഭവങ്ങളും സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നതും കാമ്പയിൻ ലക്ഷ്യമായി ബന്ധപ്പെട്ടവർ അറിയിച്ചു. റോയൽ കമീഷെൻറ കടൽത്തീരങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കണ്ടൽസസ്യങ്ങളുടെ വിലയിരുത്തൽ പരിശോധിക്കുന്ന ഒരു പഠനം കാമ്പയിനുമായി നടത്തി. ഉയർന്ന അളവിലുള്ള കാർബൺ ഡൈ ഓക്സൈഡും ആഗോളതാപനം കുറക്കുന്നതിനും കണ്ടൽക്കാടുകൾ ഉണ്ടാവേണ്ടതിെൻറ അനിവാര്യത ചർച്ചചെയ്തു. യാംബു റോയൽ കമീഷൻ സി.ഇ.ഒ ഡോ. ഫഹദ് ബിൻ ദൈഫുല്ല അൽ ഖുർഷി, എൻജിനീയർ സാമി അൽ ജുഹാനി, എൻജിനീയർ മുഹമ്മദ് അൽ സാഹിം, എൻജിനീയർ സുലൈമാൻ നൂറി എൻജിനീയർ ഫഹദ് അൽ ഉതൈബി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.