ഹറമിലെ കോവിഡ് കാല ഇഫ്താർ കാഴ്ചകൾ
ജിദ്ദ: ഇരുഹറമുകളിൽ റമദാനിലൊരുക്കുന്ന ഇഫ്താർ സുപ്രകൾ ആരിലും ആത്മനിർവൃതിക്കൊപ്പം കൗതുകവുമുണ്ടാക്കുന്ന കാഴ്ചയാണ്. വിവിധ ദേശക്കാരും ഭാഷക്കാരും വർണക്കാരുമായ ലക്ഷക്കണക്കിനാളുകൾ ഹറം മുറ്റങ്ങളിൽ ഒരുക്കുന്ന കിലോമീററ്റുകൾ നീളുന്ന സുപ്രകൾക്കിരുവശവും ഒരുമിച്ചിരുന്ന് നോമ്പ് തുറക്കുന്ന രംഗം ലോകത്തെ അത്യപൂർവവും വിസ്മയകരവുമായ കാഴ്ചകളിലൊന്നാണ്. ഒാരോ വർഷവും റമദാനിൽ ദിവസവും വിവിധങ്ങളായ വിഭവങ്ങളടങ്ങിയ ലക്ഷക്കണക്കിന് ഇഫ്താർ പാക്കറ്റുകളാണ് വിതരണം ചെയ്യാറ്. മക്കയിലെയും പരിസരങ്ങളിലെയും ചിലയാളുകൾ ഹറമുകളിലെത്തുന്നവർക്ക് ഇഫ്താർ വിഭവങ്ങൾ നൽകാൻ വെമ്പൽകൊള്ളുന്നതും ഹറമിലെ റമദാൻ കാഴ്ചകളാണ്.
ഇത്തവണ റമദാനിൽ ഹറമുകളിൽ അങ്ങനെയുള്ള ഇഫ്താർ സുപ്രകളോ, ഇഫ്താർ വിഭവം നൽകാനുള്ള ആളുകളുടെ മത്സരമോ കാണാൻ കഴിയുകയില്ല. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായാണ് ആളുകൾ കൂട്ടമായി ഇരുന്നുള്ള ഇഫ്താർ സുപ്രകൾ നിർത്തലാക്കാൻ ഇരുഹറം കാര്യാലയം തീരുമാനിച്ചിരിക്കുന്നത്. പകരം കർശനമായ പ്രതിരോധ മുൻകരുതൽ പാലിച്ചുള്ള ഇഫ്താർ വിഭവ വിതരണമാണ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഒരുക്കിയിരിക്കുന്നത്.
ഒാരോ വർഷവും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിനാളുകളാണ് ഉംറക്കും റമദാെൻറ ദിനരാത്രങ്ങൾ ഹറമുകളിൽ കഴിച്ചുകൂട്ടാനും പുണ്യഭൂമിയിലെത്താറ്.കോവിഡിനെ തുടർന്ന് രണ്ടാമത്തെ വർഷമാണ് ഹറമുകളിൽ ഇഫ്താറിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ റമദാനിൽ കോവിഡ് മുൻകരുതലിെൻറ ഭാഗമായി പുറത്തുനിന്നാർക്കും ഹറമുകളിലേക്ക് പ്രവേശനം നൽകിയിരുന്നില്ല. തീർഥാടക ലക്ഷങ്ങൾ സംഗമിച്ചിരുന്ന ഹറമിനകവും മുറ്റങ്ങളും വിജനമായിരുന്നു. ജീവനക്കാരും ജോലിക്കാരും സുരക്ഷ ഉദ്യോഗസഥരും മാത്രമായിരുന്നു നിർബന്ധ നമസ്കാരങ്ങൾക്കും തറാവീഹിനും സാക്ഷിയായിരുന്നത്.
കർശന നിയന്ത്രണങ്ങളുടെ ഫലമായി രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞു. ഏഴുമാസത്തെ നിയന്ത്രണങ്ങൾക്കൊടുവിൽ ഇരുഹറമുകളുടെ കവാടങ്ങൾ തീർഥാടകർക്കും സന്ദർശകർക്കും തുറന്നു കൊടുത്തു. കോവിഡ് കേസുകൾ രാജ്യത്തും ലോകത്തും നിലനിൽക്കുന്നതിനാൽ കർശന പ്രതിരോധ മുൻകരുതൽ നടപടികൾ പാലിച്ച് നിശ്ചിത ആളുകൾക്കാണ് ഒാരോ ദിവസവും ഹറമുകളിലേക്ക് പ്രവേശനം നൽകിവരുന്നത്.
റമദാനിൽ കൂടുതൽ പേരെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങളും സംവിധാനങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് പ്രവേശനത്തിന് നിബന്ധനകളും കർശനമാക്കിയിട്ടുണ്ട്. അനുമതി പത്രത്തോടൊപ്പം റമദാൻ ഒന്നുമുതൽ പ്രവേശനം കുത്തിവെപ്പെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.ഇഫ്താറുകൾക്കും ഇരുഹറമുകളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. നോമ്പുതുറക്കും അത്താഴത്തിനും പുറത്തുനിന്ന് ഭക്ഷ്യവിഭവങ്ങൾ ഹറമിനുള്ളിലേക്ക് കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കാരക്കയും സംസമും മാത്രമാക്കി ഇഫ്താർ വിഭവം പരിമിതപ്പെടുത്തിയിട്ടുണ്ട്. നീണ്ട സുപ്രകൾക്ക് പകരം ഒാരോ വ്യക്തികൾക്കും അവരുടെ സ്ഥലങ്ങളിലെത്തി ഉപയോഗിക്കാൻ പാകത്തിൽ ഇൗത്തപ്പഴം അടങ്ങുന്ന പാക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. മാസ്ക്, അണുമുക്തമാക്കിയ ടിഷ്യു എന്നിവയും കൂടെ നൽകുന്നുണ്ട്. വ്യക്തിഗത ആവശ്യത്തിന് ഒാരോരുത്തർക്കും ഇൗത്തപ്പഴം കൊണ്ടുവരാൻ അനുവദിക്കുമെങ്കിലും ഹറമിനുള്ളിൽ അവ ആളുകൾക്കിടയിൽ വിതരണം ചെയ്യുന്നതിന് വിലക്കുണ്ട്. മസ്ജിദുൽ ഹറാമിൽ മേഖല ഗവർണറേറ്റിനു കീഴിലെ ഭക്ഷണപാനീയ വിതരണ വകുപ്പുമായി സഹകരിച്ചാണ് ഇഫ്താർ വിഭവം വിതരണം ചെയ്യുന്നത്. വിതരണത്തിന് സന്നദ്ധ പ്രവർത്തകരായ നിരവധി പേരെ നിയോഗിച്ചിട്ടുണ്ട്. തിരക്കൊഴിവാക്കിയും മുൻകരുതൽ പ്രതിരോധ നടപടികൾ പാലിച്ചുമാണ് ഇഫ്താർ പാക്കറ്റുകൾ വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.