റിയാദ്: കോവിഡ് മഹാമാരിക്കെതിരെയുള്ള സൗദി അറേബ്യയുടെ പോരാട്ടത്തിൽ പങ്കാളികളാകാൻ നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയ നഴ്സുമാർക്ക് സ്നേഹ തണലൊരുക്കി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. കണക്ഷൻ വിമാനം വൈകിയത് മൂലം റിയാദിൽ കുടുങ്ങിയ 49 നഴ്സുമാർക്കാണ് കെ.എം.സി.സി പ്രവർത്തകർ തുണയായത്. മക്ക, ഹഫർ അൽബാതിൻ തുടങ്ങി സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട ഇവരെ റിയാദ് വിമാനത്താവളത്തിൽ നിന്ന് കെ.എം.സി.സി പ്രവർത്തകരെത്തി ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. വൈകീേട്ടാടെ ആരോഗ്യമന്ത്രാലയ അധികൃതരെത്തി ഇവരെ ഹോട്ടലിൽ നിന്നും പ്രിൻസസ് നൂറ യൂനിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സൗദി എയർലൈൻസ് വിമാനത്തിൽ കൊച്ചിയിൽ നിന്നും 134 മലയാളി നഴ്സുമാർ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇതിൽ 49 നഴ്സുമാർക്കാണ് യാത്രാ കര്യം ലഭ്യമാവാതിരുന്നത്. യാത്ര പുറപ്പെടുമ്പോൾ തന്നെ ഇതു സംബന്ധമായ അനിശ്ചിതത്വം നിലവിലുണ്ടായിരുന്നെന്നും എന്നാൽ റിയാദിലെത്തുന്ന മുറക്ക് യാത്രാസൗകര്യം ഒരുക്കുമെന്നായിരുന്നു എംബസിയിൽ നിന്നും ലഭിച്ച വിവരമെന്നും നഴ്സുമാർ പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്ക് റിയാദിൽ നിന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കണക്ഷൻ വിമാനങ്ങൾ ലഭിച്ചതിനെ തുടർന്ന് അവരെല്ലാം വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിച്ചു. എന്നാൽ മണിക്കൂറുകൾ കാത്തിരുന്നിട്ടും കൃത്യമായ വിവരമൊന്നും ലഭിക്കാതിരുന്നത് കൊണ്ടാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫയുമായി നഴ്സുമാർ ഫോണിൽ ബന്ധപ്പെടുകയും താൽക്കാലിക താമസ സൗകര്യമൊരുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തത്.
ഇതേതുടർന്ന് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തിൽ ഉടൻ തന്നെ വാഹനങ്ങളുമായി പ്രവർത്തകർ വിമാനത്താവളത്തിലെത്തുകയും നഴ്സുമാരെ എല്ലാവരെയും അവിടെ നിന്നും ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ രാത്രി മുതൽ വിമാനത്താവളത്തിൽ കാത്തിരുന്ന ഇവരെ ഇന്ന് രാവിലെ ഏഴോടെയാണ് പ്രവർത്തകരെത്തി ഹോട്ടലിലേക്ക് മാറ്റിയത്. ഈ വിഷയം സിദ്ദീഖ് തുവ്വൂർ വിമാനത്താവള അധികൃതരുമായി സംസാരിക്കുകയും വിമാനത്താവള മാനേജരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. ഹോട്ടലെത്തി വിശ്രമിച്ച നഴ്സുമാർക്ക് ഭക്ഷണവും കെ.എം.സി.സി എത്തിച്ചു നൽകി. പിന്നീട് വൈകീേട്ടാടെ ഇവരെ ഹോട്ടലിൽ നിന്നും ആരോഗ്യ വകുപ്പ് അധികൃതർ ഏറ്റെടുത്തു. വനിതാ കെ.എം.സി.സി പ്രവർത്തകർ ഇവർക്കാവശ്യമായ സഹായങ്ങൾ നൽകാൻ രംഗത്തുണ്ടായിരുന്നു. അബ്ദുൽ മജീദ് പയ്യന്നൂർ, ഷംസു പെരുമ്പട്ട, ശിഹാബ് കൊടിയത്തൂർ, ഹുസൈൻ കുപ്പം, മജീദ് പരപ്പനങ്ങാടി, മെഹബൂബ് കണ്ണൂർ, അഷ്റഫ് പയ്യന്നൂർ, കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ സഹായത്തിനായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.