നിതാഖാത്​ പുതിയഘട്ടം: തൊഴില്‍ സ്ഥാപനങ്ങളെ തരംതിരിച്ചു 

റിയാദ്: സെപ്​തംബർ മൂന്ന്​ മുതൽ നടപ്പാകുന്ന നിതാഖാത്തി​​െൻറ പുതിയ ഘട്ടത്തിലെ സ്ഥാപനങ്ങളുടെ തരം തിരിക്കൽ വിശദാംശങ്ങള്‍ തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു. 69 പ്രധാന തൊഴില്‍ മേഖലകളിലെ 2,484 തസ്​തികകളെയാണ്​ ഓരോ ഇനത്തിലും 36 വീതം അനുപാതം നിശ്ചയിച്ച്​ തരം തിരിച്ചത്​. ഓരോ മേഖലയിലും സ്വദേശിവത്​കരണം നടപ്പാക്കു​േമ്പാൾ കമ്പനികൾ എത്തുന്ന കാറ്റഗറിയെ പ്ലാറ്റിനം, കടും പച്ച, ഇടത്തരം പച്ച, ഇളം പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങിനെ ആറ് വര്‍ണങ്ങളായാണ്​ തരം തിരിച്ചിട്ടുള്ളത്​. സ്വദേശിവത്കരണ തോത്​ കൂടുതലായ മൊബൈല്‍ ​ഫോൺ മേഖലയില്‍ ചെറുകിട സ്ഥാപനത്തിന് പോലും ഇളം പച്ചയിൽ എത്തണമെങ്കില്‍ 93 ശതമാനം സ്വദേശികളെ നിയമിക്കണം. 

എന്നാല്‍ സ്വദേശിവത്​കരണ തോതിൽ ഏറ്റവും കുറവുള്ള പെട്രോള്‍ സ്​റ്റേഷന്‍ മേഖലയിൽ ഇത്​ ഏഴ് ശതമാനം മാത്രമാണ്. ഈ മേഖലയിൽ 32 ശതമാനം സ്വദേശിവത്​കരണം നടപ്പാക്കിയാൽ കമ്പനി പ്ലാറ്റിനം ഗണത്തിലായി ഉയരും. സ്​ത്രീകളുടെ സ്കൂളില്‍ ചെറിയ സ്ഥാപനത്തിന്​ പോലും ഏറ്റവും കുറഞ്ഞത്​ 80 ശതമാനം സ്വദേശിവത്കരണം നിർബന്ധമാണ്​. അതേസമയം വിദേശ സിലബസിലുള്ള സ്കൂളുകളില്‍ ചുരുങ്ങിയത് 16 ശതമാനമാനവും കൂടിയത് 41 ശതമാനവുമാണ്. പെട്രോള്‍, വാതക മേഖലയില്‍ ചുരുങ്ങിയത് 18 ശതമാനവും കൂടിയത് 91 ശതമാനവും. നിര്‍മാണ മേഖലയില്‍ ഒമ്പത് മുതല്‍ 22 ശതമാനം വരെ. ടാക്സി മേഖലയില്‍ 11 മുതല്‍ 45 ശതമാനം വരെയും. വൈമാനിക മേഖലയില്‍ 20 മുതല്‍ 63 ശതമാനം വരെയാണ്​ ആവശ്യമായ സ്വദേശിവത്​കരണ തോത്​.

Tags:    
News Summary - nitaqat-uae- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.